അഗർത്തല (ത്രിപുര) : മൃഗശാലയിലെ സിംഹങ്ങള്‍ക്ക് സീത, അക്‌ബര്‍ എന്നീ പേരുകള്‍ നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. ത്രിപുര സർക്കാർ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രവീൺ ലാൽ അഗർവാളിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. സിംഹങ്ങള്‍ക്ക് സീത, അക്‌ബര്‍ എന്നീ പേരുകള്‍ നല്‍കിയത് വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന്, പേരിട്ടത് ശരിയായില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ ത്രിപുര ബിജെപി സര്‍ക്കാര്‍ നടപടിയെടുത്തത്.
വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ ശേഖരത്തിന് പേരുകേട്ട സെപാഹിജാല വന്യജീവി സങ്കേതത്തില്‍ നിന്ന് പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്കാണ് സിംഹങ്ങളെ മാറ്റിയത്. അക്‌ബര്‍, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിടുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്‍റെ (വിഎച്ച്പി) കൽക്കട്ട ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയായിരുന്നു.