കേരളം

kerala

ETV Bharat / bharat

രാമക്ഷേത്രം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് പ്രകാശ് കാരാട്ട്; 'രാഹുല്‍ ഗാന്ധിയുടെ മത്സരം കേരളത്തില്‍ കോണ്‍ഗ്രസിനും ഗുണം ചെയ്യില്ല' - interview with prakash karat - INTERVIEW WITH PRAKASH KARAT

2024 ലോക്‌സഭ തെരഞ്ഞെടുപ്പ്; പ്രതീക്ഷകളും കണക്കൂകൂട്ടലുകളും പങ്കുവച്ച് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. ഇടിവി ഭാരത് പ്രതിനിധി ബിജു ഗോപിനാഥിന് അനുവദിച്ച പ്രത്യേക അഭിമുഖം.

INTERVIEW WITH PRAKASH KARAT  RAM TEMPLE  RAHUL GANDHI  ELECTION 2024
INTERVIEW WITH PRAKASH KARAT

By ETV Bharat Kerala Team

Published : Apr 16, 2024, 8:33 PM IST

രാമക്ഷേത്രം ബിജെപി പ്രചാരണ വിഷയമാക്കുമെങ്കിലും ഗുണം ചെയ്യില്ലെന്ന് പ്രകാശ് കാരാട്ട്

തിരുവനന്തപുരം: ഇത്തവണ കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കി ഒരു മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുമ്പോഴും കേരളത്തില്‍ അങ്ങനെയാരു സഖ്യമില്ല, പകരം ഇവിടെ എല്‍ഡിഎഫും യുഡിഎഫുമാണുള്ളതെന്ന് സമ്മതിക്കുന്നു.

കേരളത്തില്‍ പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അവര്‍ ത്രികോണ മത്സര പ്രതീതി സൃഷ്‌ടിക്കുന്നുണ്ടെങ്കിലും കാര്യമായി അവര്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. വയനാട്ടില്‍ നിന്നുള്ള രാഹുലിന്‍റെ രണ്ടാമങ്കം ഇത്തവണ കോണ്‍ഗ്രസ് കരുതുന്നതുപോലെ അവര്‍ക്കു ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫിനു വേണ്ടി റോഡ് ഷോകളും പ്രസംഗങ്ങളുമായി തെരഞ്ഞെടുപ്പു രംഗം കൊഴുപ്പിക്കുകയാണ് മലയാളിയായ സിപിഎമ്മിന്‍റെ ഈ ദേശീയ നേതാവ്.

അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം:

  • തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം അടുത്തെത്തിയിരിക്കുന്നു? ഇന്ത്യാ സഖ്യത്തിന്‍റെ സാദ്ധ്യതകളെ എങ്ങനെ കാണുന്നു?

സംസ്ഥാനം തിരിച്ചുള്ള സര്‍വ്വേയ്ക്ക് ഞാനില്ല. പക്ഷേ ഒരു കാര്യം ഞാന്‍ പറയാം, ഞാനിപ്പോള്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ് അവിടെ ഇന്ത്യാ സഖ്യത്തിന് സമ്പൂര്‍ണ ആധിപത്യമായിരിക്കും. 2019 ഇത്തവണയും അവിടെ ആവര്‍ത്തിക്കുമെന്ന് അവിടുത്തെ പ്രചാരണങ്ങളില്‍ പങ്കെടുത്തതിന്‍റെ ആത്മ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് പറയുന്നത്.

  • കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലമെന്താകും?

കേരളത്തില്‍ ഇന്ത്യാ സഖ്യമില്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫുമാണുള്ളത്. ഇവരുവരും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ ഒരു ത്രികോണ മത്സര പ്രതീതീ സൃഷ്‌ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും താരതമ്യേന അവര്‍ ഇവിടെ ദുര്‍ബ്ബലരാണ്.

  • പക്ഷേ പ്രധാനമന്ത്രി തുടര്‍ച്ചയായി കേരളം തിരഞ്ഞെടുത്ത് അടിക്കടി ഇവിടെ വന്നു പോകുന്നു?

കേരളത്തില്‍ മാത്രമല്ല, അദ്ദേഹം തമിഴ്‌നാട്ടിലും എത്തുന്നുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളെയും ആര്‍എസ്‌എസിനും ബിജെപിക്കും ഇതുവരെ അവരുടെ സ്വാധീന വലയത്തില്‍ കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല. അതിന് ഈ തെരഞ്ഞെടുപ്പിലെങ്കിലും സാധിക്കുമോ എന്നവര്‍ നോക്കുക സ്വാഭാവികം.

  • ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ട് ആരോപണങ്ങള്‍ക്ക് ചെവി കൊടുക്കാതെ ബിജെപി ഇപ്പോഴും അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത് ഞങ്ങള്‍ പരിശുദ്ധരാണെന്നാണ്?

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കഷ്‌ടിച്ച് ഒരാഴ്‌ച മുന്‍പാണ് തെരഞ്ഞെടുപ്പ് ബോണ്ട് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന്‍റെ യാഥാര്‍ത്ഥ്യം ഞങ്ങള്‍ കൃത്യമായി തെളിവു സഹിതം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്‍റെ സ്വഭാവമെന്താണെന്ന് മനസിലായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

  • ജനുവരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച രാമ ക്ഷേത്രം ഈ തെരഞ്ഞെടുപ്പില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്?

രാമക്ഷേത്രത്തെ വലിയ തോതില്‍ ഉത്തരേന്ത്യയില്‍ ഉയര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഉത്തരേന്ത്യന്‍ പര്യടനങ്ങളിലുടനീളം പ്രതിപക്ഷം രാമനെതിരാണെന്ന വിമര്‍ശനം അഴിച്ചു വിടുകയാണ്. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന് ബിജപി കരുതുന്നുണ്ടെങ്കിലും അതിനു സാദ്ധ്യത കാണുന്നില്ല. ഇത് അവരുടെ അണികളെ മാത്രം കൂടെക്കൂട്ടാനുള്ള ഒരു ശ്രമമായി കണ്ടാല്‍ മതി.

  • ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെങ്കിലും ഇത് ബിജെപിക്ക് പ്രയോജനം ചെയ്യില്ലേ?

ഉത്തര്‍പ്രദേശില്‍ അവര്‍ക്ക് 65 സീറ്റ് നിലവിലുണ്ട്. ഇതിലധികം പ്രകടനം ഇത്തവണമെച്ചപ്പെടുത്താനാകുമെന്ന് തോന്നുന്നില്ല. പക്ഷേ അവര്‍ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെങ്കിലും വലിയ തോതില്‍ ഗുണം ചെയ്യില്ല

  • നിതീഷിന്‍റെ പിന്‍മാറ്റം ഇന്ത്യ സഖ്യത്തിന് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയാകുമോ?

ഒരിക്കലുമില്ല. ഇതിലൂടെ നിതീഷ്‌ കുമാറിന്‍റെയും, പാര്‍ട്ടി എന്ന നിലയില്‍ ജെഡിയുവിന്‍റെയും വിശ്വാസ്യത വന്‍തോതില്‍ ഇടിയുകയാണുണ്ടായത്. അദ്ദേഹം ബിജെപിയുടെ തന്ത്രത്തിന്‍റെ ഇരയായി മാറാന്‍ പോകുകയാണെന്നതു വൈകാതെ ബോദ്ധ്യപ്പെടും.

  • രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജയിലിലായി. ഇന്ത്യാസഖ്യം ഒരു അഴിമതി സഖ്യമാണെന്നാണ് ബിജെപി പറയുന്നത്?

ബിജെപി നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ എതിരാളികളെ അറസ്‌റ്റ് ചെയ്‌ത് അവരെ അഴിമതിക്കാരെന്ന് മുദ്രയടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

  • രാഹുല്‍ ഉത്തരേന്ത്യയില്‍ മത്സരിക്കാതെ ബിജെപി ദുര്‍ബ്ബലമായ കേരളത്തില്‍ മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നു?

ആര് എവിടെ മത്സരിക്കണം എന്നതൊക്കെ അവരവരുടെ തീരുമാനമാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് അവര്‍ക്ക് വലിയ മുന്‍ തൂക്കം നല്‍കുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. അത് ഇത്തവണ സംഭവിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ തവണ ജനങ്ങള്‍ കരുതിയത് രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നാണ് അങ്ങനെയാണ് രാഹുലിനും കോണ്‍ഗ്രസിനും അനുകൂലമായി കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്‌തത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്ക് അത്തരം മിഥ്യാധാരണകളൊന്നുമില്ല.

  • 2047 ല്‍ രാജ്യത്തെ ആഗോള സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ ഉര്‍ത്തുമെന്ന ബിജെപി പ്രഖ്യാപനത്തെ എങ്ങനെ കാണുന്നു?

ജിഡിപി ഉയരുമ്പോള്‍ ആളോഹരി ജിഡിപി ജി-20 രാജ്യങ്ങളില്‍ ഏറ്റവും താഴേക്കാണ്. രാജ്യം നേരിടുന്ന രണ്ടു പ്രധാന പ്രശ്‌നം തൊഴിലില്ലായ്‌മയും വിലകയറ്റവുമാണ്. ബിജെപിയുടെ പ്രകടന പത്രികയില്‍ ഇതു രണ്ടും ഫലപ്രദമായി നേരിടുന്നതിനുള്ള ഒരു നടപടിയും മുന്നോട്ടു വച്ചിട്ടില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്നും തൊഴിലില്ലായ്‌മ ഇല്ലാതാക്കുമെന്നുമൊക്കെ അവര്‍ വലിയവായില്‍ വാഗ്‌ദാനം നല്‍കുന്നുണ്ട്. പക്ഷേ എങ്ങനെ എന്നു പറയുന്നില്ല.

  • ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണോ?

ഞങ്ങള്‍ പ്രതീക്ഷയില്‍ തന്നെയാണ്. ബിജെപി പരാജയപ്പെടുകയും ഒരു മതേതര സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തുകയും ചെയ്യുകതന്നെ ചെയ്യും.

Also Read:വീരപ്പന്‍റെ മകള്‍ എന്ത് കൊണ്ട് ബിജെപിയുടെ ടിക്കറ്റ് നിഷേധിച്ചു; എക്‌സ്ക്ലൂസീവ് അഭിമുഖം

ABOUT THE AUTHOR

...view details