ഹൈദരാബാദ് :മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിമാരായി അധികാരമേറ്റവരിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ളത് ആഭ്യന്തര സഹമന്ത്രിയായി അധികാരമേറ്റ ബണ്ഡി സഞ്ജയ് കുമാറിനെന്ന് റിപ്പോർട്ടുകൾ. ബണ്ഡി സഞ്ജയ്‌ക്കെതിരെ 42 ക്രിമിനൽ കേസുകൾ ഉള്ളതായാണ് തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്‍റെ (എഡിആർ) റിപ്പോർട്ടുകളിൽ പറയുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, വിദ്വേഷ പ്രസംഗം എന്നിങ്ങനെയാണ് കേസുകൾ.
എഡിആറിന്‍റെ കണക്കനുസരിച്ച് 71 കേന്ദ്ര മന്ത്രിമാരിൽ 28(39%) മന്ത്രിമാരും അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കുറ്റക്കാരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ഏകദേശം 19 (27%) മന്ത്രിമാർക്കുമെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കേസുകളാണ് ഉള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് മന്ത്രിമാർക്കെതിരെ കേസുകളുണ്ട്. ബണ്ഡി സഞ്ജയ് അടക്കം 8 മന്ത്രിമാർക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിട്ടുണ്ട്.