ഗുവാഹത്തി:അസം നഗൗവ് ജില്ലയിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് (ബട്ടദ്രവ സത്രം) പ്രണാമം അർപ്പിക്കാനെത്തിയ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. വിലക്കാൻ താൻ എന്ത് തെറ്റാണ് ചെയ്‌തതെന്ന് രാഹുല്‍ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് രാഹുലും സംഘവും ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയത്.
അനുമതിയില്ല:അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ഇന്ന് ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അസം സർക്കാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. സർക്കാർ തീരുമാനം മറികടന്ന് ബട്ടദ്രവ സത്രം സന്ദർശിക്കാനാണ് രാവിലെ രാഹുൽ എത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ജയ്റാം രമേശ് എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
അയോധ്യയിലെ പ്രതിഷ്ഠ സമയത്ത് ഒട്ടേറെ ഭക്തരെത്തും അതിനാല്‍ സന്ദർശനം അനുവദിക്കാനാകില്ലെന്നാണ് ക്ഷേത്രം മാനേജ്മെന്‍റ് കമ്മിറ്റി അറിയിച്ചത്. പ്രതിഷ്ഠ സമയത്ത് ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . രാഹുല്‍ ഗാന്ധിക്ക് മൂന്നുമണിക്കുശേഷം സന്ദര്‍ശനം നടത്താമെന്നും മാനേജ്മെന്റ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് രാവിലെ രാഹുലും സംഘവും സന്ദർശനത്തിന് എത്തിയത്.