ഗുവാഹത്തി : അസമിലെ മോറിഗാവ് ജില്ലയിൽ ഭൂചലനം. ഇന്ന് (ഫെബ്രുവരി 27) പുലർച്ചെയാണ് റിക്‌ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. എക്‌സിലൂടെയാണ് എൻസിഎസ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഗുവാഹത്തിയിലും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച്, പുലർച്ചെ 2:25ഓടെ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തെയും ആഘാതത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ ആദ്യം വ്യക്തമായിരുന്നില്ല.
അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ മിതമായ ഒന്നായാണ് കണക്കാക്കുന്നത്. ഭൂമികുലുക്കത്തിൽ കെട്ടിടങ്ങള്‍ക്കും മറ്റ് സാമഗ്രികള്‍ക്കും കുലുക്കം സംഭവിച്ചിട്ടുണ്ട്. വലിയ ശബ്‌ദവും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചെറിയ നാശനഷ്‌ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ ഒന്നായതിനാൽ അസമിൽ ഭൂകമ്പങ്ങൾ വളരെ സാധാരണമാണ്. സീസ്‌മിക് സോൺ 'V'യിൽ പെടുന്ന സംസ്ഥാനമാണ് അസം. അതായത് ശക്തമായ ഭൂകമ്പങ്ങൾക്ക് സാധ്യത കൂടുതലാണ്.
വർഷങ്ങളായി, 1950ലെ അസം-ടിബറ്റ് ഭൂകമ്പം (8.6 തീവ്രത), 1897 ലെ ഷില്ലോങ് ഭൂകമ്പം (8.1 തീവ്രത) പോലുള്ള ചില വലിയ ഭൂകമ്പങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഇവ രണ്ടും ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളാണ്.