ബുല്‍ധാന(മഹാരാഷ്‌ട്ര): റോഡ് സൗകര്യമില്ലാത്തതിനാല്‍ ഒരു പതിനാറുകാരിയെ നിസ്സഹായമായി മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്നൊരു ഹൃദയഭേദകമായ വാര്‍ത്തയാണ് മഹാരാഷ്‌ട്രയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ബുല്‍ധാന ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലുള്ള ഗോത്രവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് യാത്രാ സൗകര്യമില്ലാത്തത് മൂലം മരണത്തിന് കീഴടങ്ങിയത്. വാഹന സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് മൂലമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
ബുല്‍ധാന ജില്ലയിലെ ജല്‍ഗാവിലുള്ള ജമോദിലെ സതപുഡ ഗിരിവര്‍ഗ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്‌ച വൈകിട്ടോടെ പെണ്‍കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. നില വഷളായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ കമ്പുകളും മറ്റും വച്ച് ഉണ്ടാക്കിയ താത്ക്കാലിക സ്ട്രെച്ചറില്‍ കുട്ടിയെ കിടത്തി ദൂരെയുള്ള ആശുപത്രിയിലേക്ക് കാല്‍നടയായി കൊണ്ടു പോയി.
ആംബുലന്‍സിന് വരാന്‍ കഴിയും വിധമുള്ള ഒരു പാത ആ ഗ്രാമത്തില്‍ ഇല്ല. ആശുപത്രിയില്‍ എത്തും മുമ്പ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. നല്ലൊരു റോഡ് ഉണ്ടായിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്ന് നാട്ടുകാര്‍ വേദനയോടെ പറയുന്നു. കുട്ടിയുടെ മൃതദേഹം തിരികെ വീട്ടിലെത്തിച്ചതും കൊണ്ടുപോയത് പോലെ തന്നെ താത്ക്കാലിക സ്ട്രെച്ചറിലാണ്.