'എനിക്ക് തന്നിട്ട് പോയാ മതി'; ലോറി തടഞ്ഞ് കരിമ്പ് തിന്ന് കാട്ടാന - ലോറി തടഞ്ഞ് കരിമ്പ് തിന്ന് കാട്ടാന
ഈറോഡ് (തമിഴ്‌നാട്): വിശന്ന് കഴിഞ്ഞാൽ പിന്നെ പരിസരം മറക്കുന്നവരാണ് നമ്മളിൽ ഏറെയും. അപ്പൊ പിന്നെ കാട്ടാനയുടെ കാര്യം പറയണോ. ദാ...ഇവിടെ ഒരു കാട്ടാന വിശന്ന് വലഞ്ഞ് നടക്കുമ്പോഴാണ് ദേശീയപാതയിലൂടെ നിറയെ കരിമ്പുമായി വരുന്ന ലോറി കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ അങ്ങ് പോയി ലോറി തടഞ്ഞ് നിർത്തി തന്‍റെ തുമ്പിക്കൈ കൊണ്ട് രണ്ട് കെട്ട് കരിമ്പ് വലിച്ചെടുത്ത് അകത്താക്കാൻ തുടങ്ങി. കാട്ടാനയെ ഓടിക്കാനായി ഡ്രൈവർ ഉച്ചത്തിൽ ഹോൺ അടിച്ചെങ്കിലും അതൊന്നും മൈൻഡാക്കാതെ ആശാൻ ആസ്വദിച്ച് കരിമ്പ് കഴിച്ചുകൊണ്ടേയിരുന്നു. വിശപ്പ് മാറിയതോടെ ആരെയും ഉപദ്രവിക്കാതെ കാട്ടാന നേരെ കാട്ടിലേക്ക് തന്നെ പോയി. സത്യമംഗലം - മൈസൂർ ദേശീയപാതയിൽ അസനൂർ ഭാഗത്താണ് ഈ രസകരമായ കാഴ്‌ച നടന്നത്. ഇതുകാരണം ദേശീയ പാതയിൽ കുറച്ചുനേരം ഗതാഗത തടസപ്പെട്ടു.