ടോള്‍ പ്ലാസയിലേക്ക് കുതിച്ചെത്തി ബൈക്ക്, മുറിച്ചുകടന്ന ജീവനക്കാരിയെ ഇടിച്ചിട്ട് വലിച്ചിഴച്ചത് 50 മീറ്ററോളം ; നടുക്കുന്ന വീഡിയോ - ബൈക്ക് യുവതിയെ ഇടിച്ചു
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ടോള്‍ പ്ലാസയിലൂടെ അമിത വേഗതയിലെത്തിയ ബൈക്ക് ജീവനക്കാരിയെ ഇടിച്ചിട്ടു. ബുധനാഴ്‌ച ഉച്ചയോടെ ഡോയിവാലയിലായിരുന്നു സംഭവം. ടോള്‍ ക്യാബിനില്‍ നിന്ന് റോഡിന്‍റെ മറുവശത്തേക്ക് പോവുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ 50 മീറ്ററോളം വലിച്ചിഴച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ ഉത്തരാഖണ്ഡിലെ ഹിമാലയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ വലതുകാലിന് മൂന്ന് പൊട്ടലുകളും തലയ്ക്ക് ഗുരുതര പരിക്കുമുണ്ട്. അപകട ദൃശ്യം ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഡോയിവാല ടോൾ പ്ലാസയിൽ ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ട്രക്ക് ടോൾ ക്യാബിനിലേക്ക് ഇടിച്ചുകയറിയിരുന്നു.