പ്രിയ സഖാവിന് വിട ; നെഞ്ചിടറി തലശേരിയിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങള്‍ - തലശേരിയിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങള്‍
പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തലശേരിയിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ. കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശേരി ടൗൺ ഹാളിന് മുന്നിൽ ഉച്ചയോടെ തന്നെ പ്രവർത്തകരുടെ നീണ്ട വരി ദൃശ്യമായി. രാവിലെ മുതൽ തന്നെ ടൗൺ ഹാളിന് മുന്നിലും കണ്ണൂർ വിമാനത്താവളത്തിന് മുന്നിലും വന്‍ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. വിലാപയാത്ര വന്ന വഴികളെല്ലാം 'ഇൻക്വിലാബ്' വിളികൾ മുഴങ്ങി. വഴിയിലുടനീളം പുഷ്‌പങ്ങൾ വാരി വിതറിയാണ് പ്രിയ നേതാവിനെ അവര്‍ യാത്രയാക്കിയത്. മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലിക്കിടയിലൂടെയാണ് വിലാപയാത്ര തലശേരിയിലെത്തിയത്.