കൊവിഡ് രോഗിയെന്ന് സംശയിക്കുന്ന ആള്‍ക്ക് ചികിത്സ റോഡില്‍ - കൊവിഡ് രോഗി
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഗുരുഗ്രാം നഗരത്തിലെ നാഗ്രിക് ആശുപത്രിയുടെ മുന്‍പിലുള്ള റോഡിന്‍റെ അരികില്‍ വെച്ച് കൊവിഡ് രോഗിയെന്ന് സംശയിക്കുന്ന ആള്‍ക്ക് ഡോക്ടര്‍ നിലത്തുകിടത്തി കുത്തിവെയ്പ്പ് നല്‍കുന്നതാണ് ദൃശ്യങ്ങളില്‍. ആശുപത്രിയില്‍ കട്ടില്‍ ഒഴിവില്ലാത്തതിനാലാണ് റോഡില്‍ വെച്ച് ചികിത്സ നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ശേഷം രോഗിയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പി.ജി.ഐ.എം.എസ് റോഹ്താസ് ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തു. രണ്ട് ദിവസം മുമ്പ് ഇയാള്‍ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു ഇയാളെ നാഗ്രിക് ആശുപത്രിയിലെത്തിച്ചത്.