വീഡിയോ: ആശുപത്രിയിലെത്താന്‍ ആംബുലന്‍സില്ല; പുഴയോരത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി - woman deliver child at river bank in chhattisgarh
ബീജാപുര്‍ (ചത്തീസ്‌ഗഡ്): ചത്തീസ്‌ഗഡില്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സില്ലാത്തതിനെ തുടര്‍ന്ന് പുഴയോരത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി. ബീജാപുര്‍ ജില്ലയിലെ ജോര്‍ഗയ സ്വദേശി സരിത ഗോണ്ടിക്കാണ് ദുരവസ്ഥയുണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബോട്ടോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുളവടി കൊണ്ട് താത്‌കാലിക ഇരിപ്പിടമുണ്ടാക്കി അതിലിരുത്തി രണ്ടുപേര്‍ ചേര്‍ന്ന് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ യുവതിക്ക് പ്രസവ വേദന ആരംഭിച്ചു. അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോട്ടുമായി രക്ഷാപ്രവർത്തകരെത്തിയെങ്കിലും അതിന് മുന്‍പേ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബോട്ടില്‍ യുവതിയേയും കുഞ്ഞിനേയും റെഡ്ഡി ഗ്രാമത്തിലെ ഹെല്‍ത്ത് സബ് സെന്‍ററിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.