video: പിന്നിലൂടെ വന്ന് തോളില്‍ തട്ടി ബൈഡൻ, തിരിഞ്ഞുനോക്കി കൈകൊടുത്ത് മോദി... ദൃശ്യങ്ങൾ വൈറല്‍
മ്യൂണിച്ച്: ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിവാദ്യം ചെയ്യുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് ലോക നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കുന്ന മോദിയുടെ അടുത്തേക്ക് വന്ന് കുശലാന്വേഷണം നടത്തുന്ന ബൈഡന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പിന്നിലൂടെ നടന്നെത്തിയ ബൈഡൻ തോളില്‍ തട്ടുമ്പോൾ മോദി തിരിഞ്ഞുനോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ശേഷം ബൈഡന് ഹസ്‌തദാനം നല്‍കിയ ശേഷം കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോ. ജര്‍മനിയിലെ ഷ്ലോസ് എൽമൗവില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്‌ചയാണ് മോദി ജര്‍മനിയിലെത്തിയത്. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദ വിരുദ്ധത, പരിസ്ഥിതി, ജനാധിപത്യം, കാലാവസ്ഥ, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ മറ്റ് രാജ്യത്തെ നേതാക്കളുമായി മോദി ചര്‍ച്ച നടത്തി. ലോകത്തിലെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി 7. ജർമനിയ്‌ക്ക് പുറമെ കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നിവരാണ് മറ്റ് അംഗ രാജ്യങ്ങള്‍. ഇന്ത്യയെക്കൂടാതെ, അർജന്‍റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ടായിരുന്നു.