നക്ഷത്ര ആമകളുമായി യുവാക്കള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1132 ആമകളെ - star tortoises
ബംഗളൂരു: വംശനാശ ഭീഷണി നേരിടുന്ന നക്ഷത്രആമകളെ വിൽക്കാൻ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. കല്യാൺ, സിംഹാദ്രി, ഐസാക്, രജപുത്ര എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1132 നക്ഷത്രആമകളെ പിടിച്ചെടുത്തു. തുമകുരു റോഡിൽ ഗോർഗുണ്ടേപാളയ ബസ് സ്റ്റാൻഡിന് സമീപം ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ ആർഎംസി യാർഡ് പൊലീസ് അറസ്റ്റു ചെയ്‌തത്. ബംഗളൂരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘം നക്ഷത്ര ആമകളെ വില്‍പന നടത്തിയതായാണ് വിവരം. യുവാക്കള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. പിടിച്ചെടുത്ത ആമകളെ വനംവകുപ്പിന് കൈമാറി.