രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം: ആലപ്പുഴയിൽ വ്യാപക പ്രതിഷേധം - CONGRESS PROTEST IN ALAPPUZHA
ആലപ്പുഴ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ആലപ്പുഴ ജില്ലയിൽ പലയിടത്തും വ്യാപക പ്രതിഷേധം. ജില്ലയിലെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ ചേർത്തല, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലുമാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആലപ്പുഴ നഗരത്തിൽ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി. കനത്ത പൊലീസ് കാവലിലാണ് പലയിടത്തും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. പ്രശ്‌നബാധിത സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നയിടങ്ങളിലും രാത്രികാല പട്രോളിങ് നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.