വീഡിയോ: കാറിന്‍റെ നിയന്ത്രണം നഷ്ടമായി, വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു - കാർ അപകടം സിസിടിവി ദൃശ്യങ്ങൾ
മലപ്പുറം: അരീക്കോട് നിയന്ത്രണം വിട്ട കാർ റോഡിൽ ബസ് കാത്തുനിന്ന സ്ത്രീയേയും നിർത്തിയിട്ട വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. അരീക്കോട് എടവണ്ണപ്പാറ-മുക്കം ജങ്ഷനിൽ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. എടവണ്ണപ്പാറ ഭാഗത്ത് നിന്നും വന്ന ആൾട്ടോ കാർ മുക്കം ഭാഗത്തേക്ക് തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് ബസ് യാത്രക്കാരിയേയും സമീപത്ത് നിർത്തിയിട്ട വാഹനങ്ങളെയും ഇടിക്കുകയായിരുന്നു. തൊട്ടുമുൻപിൽ വന്ന ബസ് അപകടം മുൻകൂട്ടി കണ്ട് ബ്രേക്കിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ പെട്ട സ്ത്രീ അടക്കമുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടു.