ഹാജര്‍ കുറഞ്ഞവര്‍ക്ക് പരീക്ഷക്ക് വിലക്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ - malappuram'
മലപ്പുറം: രാമപുരം ജെംസ് കോളജിലെ വിദ്യാര്‍ഥികള്‍ കോളജിന്‍റെ പ്രവേശന കവാടം പൂട്ടിയിട്ട് അധ്യാപകരെയും വിദ്യാര്‍ഥികളെയും തടഞ്ഞുവച്ചു. ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പരീക്ഷ എഴുതാന്‍ വിലക്കുവന്ന 20 വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 500ല്‍ പരം വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുത്തു. കോളജ് വളപ്പിലേക്കുള്ള കവാടം ഇന്നലെ വൈകിട്ട് മൂന്നുമണിക്കാണ് വിദ്യാര്‍ഥികള്‍ പൂട്ടിയത്. 1800 വിദ്യാര്‍ഥികള്‍ക്കും 80 അധ്യാപകര്‍ക്കും കോളജ് സമയം കഴിഞ്ഞിട്ടും പുറത്ത് പോകാന്‍ കഴിയാതെ വന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. കോളജ് പ്രിന്‍സിപ്പലുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍മേലാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.