'ഹരിത' വിഷയം ; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് എം കെ മുനീർ - മുനീർ
കോഴിക്കോട്: ഹരിത ഭാരവാഹികളെ പുറത്താക്കിയിട്ടില്ലെന്ന് എം കെ മുനീർ. അവർ വഹിച്ച സ്ഥാനങ്ങളിൽ നിന്ന് നീക്കുകയാണ് ചെയ്തത്. കാലാവധി കഴിഞ്ഞതുകൊണ്ടാണ് ഹരിത കമ്മിറ്റി പിരിച്ചുവിട്ടത്. പാർട്ടി തീരുമാനത്തിൽ പെൺകുട്ടികൾ സംതൃപ്തരല്ലെന്ന് അറിയാം. എന്നാൽ പാർട്ടി തീരുമാനത്തിനൊപ്പമേ തനിക്ക് നിൽക്കാൻ കഴിയുകയുള്ളൂവെന്നും മുനീർ പറഞ്ഞു. വനിത കമ്മിഷന് നല്‍കിയ പരാതി പിൻവലിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവർ തയ്യാറായില്ല. പി കെ നവാസിന്‍റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളില്‍ എത്തിച്ചതിനാലാണ് നടപടി നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം 'ഹരിത' പെൺകുട്ടികൾക്കെതിരെ മോശമായി പ്രതികരിച്ചതായി അറിയില്ല. സാദിഖലി തങ്ങൾ തീരുമാനങ്ങൾ അട്ടിമറിച്ചതായും അറിയില്ല. എന്നാൽ പെൺകുട്ടികൾക്കെതിരെയുള്ള സൈബർ ആക്രമണം ശരിയല്ലെന്നും 26 ന് നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിൽ ഹരിതയുടെ സാഹചര്യം ചർച്ച ചെയ്യുമെന്നും മുനീർ കൂട്ടിച്ചേർത്തു.
Last Updated : Sep 16, 2021, 4:05 PM IST