ചേർത്തലയിലെ വിജയം അപവാദ പ്രചാരകർക്കുള്ള മറുപടി:പി.തിലോത്തമൻ - പി തിലോത്തമൻ
ആലപ്പുഴ:അപവാദ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് ചേർത്തലയിൽ പി പ്രസാദിന്‍റെ ഉജ്ജ്വല വിജയമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപും പിൻപും ഒട്ടേറെ കള്ള പ്രചാരണങ്ങൾ ഉണ്ടായി. വ്യക്തിപരമായി തേജോവധം ചെയ്യാൻ പോലും ചില കേന്ദ്രങ്ങൾ ശ്രമിച്ചു. അവർക്ക് കാലം നൽകിയ ശിക്ഷയാണ് ഈ വിജയം. ചേർത്തലയിൽ സിപിഐയിൽ ഭിന്നതയുണ്ടെന്ന് പോലും വരുത്തിത്തീർക്കുവാൻ ചിലർ ശ്രമിച്ചു. അഴിമതിക്കാരായ ചില റേഷൻ ഹോൾസെയിൽ വ്യാപാരികൾക്കും ഇതിൽ പങ്കുണ്ട്. കേരളത്തിൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയപ്പോൾ ഇത്തരക്കാരെ മാറ്റി നിർത്തിയിരുന്നു. ഇതിനെ തുടർന്ന് അവർ ഭക്ഷ്യവകുപ്പിനെതിരെയും മന്ത്രിക്കെതിരേയും വ്യാപകമായി ആക്ഷേപം ഉന്നയിച്ചു. സിപിഐയിലെ ഒരു പ്രദേശിക പ്രവർത്തകന്റെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇതിനെ തുടർന്ന് സിപിഐയിൽ ഭിന്നത രൂക്ഷമാണെന്നും പി പ്രസാദ് പരാജയപ്പെടുമെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. അവർക്കെല്ലാമുള്ള ചുട്ട മറുപടികൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ചേർത്തലയിൽ സിപിഐയും എൽ ഡി എഫും ഒറ്റക്കെട്ടായി ആണ് പ്രവർത്തിച്ചത്. ചേർത്തലയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂടാതെ എൽ ഡി എഫ് സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളും എൽ ഡി എഫ് വിജയത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.