അതിജീവനത്തിന്‍റെ താളത്തിൽ പുത്തുമലയിലെ കുട്ടികൾ
കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ അതിജീവനത്തിന്‍റെ താളവുമായെത്തിയ വയനാട് പുത്തുമലയിലെ കുട്ടികൾക്ക് വഞ്ചിപ്പാട്ടില്‍ മികച്ച വിജയം. പുത്തുമല സ്വദേശികളടക്കം പഠിക്കുന്ന വെള്ളാർമല ജിഎച്ച്‌എസ്‌എസിലെ കുട്ടികളാണ് കലോത്സവ നഗരിയിൽ നിന്ന് എ ഗ്രേഡോടെ മടങ്ങിയത്. കലോത്സവത്തിലെ എ ഗ്രേഡ് നേട്ടം സ്‌കൂളിലെ ദുരന്തങ്ങളില്‍ പതറിപ്പോയ കുട്ടികൾക്ക് പ്രചോദനമാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു. സഹപാഠികളുടെ കുടുംബങ്ങൾക്കടക്കം നേരിടേണ്ടി വന്ന ദുരന്തത്തിന്‍റെ ഞെട്ടൽ ഇവര്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്‌കൂളിൽ അടുത്തിടെയാണ് അധ്യയനം ആരംഭിച്ചത്. 40ഓളം വിദ്യാര്‍ഥികൾ സ്‌കൂളിൽ നിന്നും ടിസി വാങ്ങി മടങ്ങി. എങ്കിലും മുൻവർഷങ്ങളിലേത് പോലെ സ്‌കൂളിലെ മലയാളം അധ്യാപകനായ ഉണ്ണികൃഷ്‌ണന്‍റെ കീഴിൽ കുട്ടികൾ വഞ്ചിപ്പാട്ട് അഭ്യസിച്ചു.