'മാസ്റ്ററി'ന്‍റെ വരവ് ഗംഭീരമാക്കി ദളപതി ഫാന്‍സ് - മാസ്റ്റര്‍ സിനിമ വാര്‍ത്തകള്‍
ദളപതി വിജയ്-മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവര്‍ ആദ്യമായി ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ രാജ്യത്തെമ്പാടുമായി 3,800 ഓളം സ്ക്രീനുകളിലാണ് പൊങ്കലിന് മുന്നോടിയായി റിലീസ് ചെയ്‌തത്. ഫാന്‍സ് ഷോ ഉളളതിനാല്‍ തന്നെ തിയേറ്ററുകളില്‍ ആവേശപ്പൂരമാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്ന അഭിപ്രായമാണ് ആദ്യ ഷോ കണ്ടവര്‍ വ്യക്തമാക്കുന്നത്. തമിഴ്നാട്ടില്‍ റിലീസിന് തലേദിവസമെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. തമിഴ്‌നാട്ടില്‍ എണ്ണൂറിലധികം സ്ക്രീനുകളിലാണ് മാസ്റ്റര്‍ കളിക്കുന്നത്. മുംബൈയിലെ വഡാലയിൽ കാർണിവൽ സിനിമാസില്‍ എത്തുന്നവര്‍ക്ക് വിജയ് ആരാധകർ സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട്. മാസ്റ്റര്‍ സിനിമയുടെ പോസ്റ്ററുകള്‍ പതിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസറുകളാണ് ആരാധകര്‍ സിനിമ ആസ്വദിക്കാനെത്തുന്നവര്‍ക്കായി നല്‍കുന്നത്. മധുരൈ ഭാഗങ്ങളില്‍ രാവിലെ മുതല്‍ നീണ്ട നിരയാണ് തിയേറ്ററുകളുടെ ടിക്കറ്റ് കൗണ്ടറിന് മുമ്പിലുള്ളത്.