ചലച്ചിത്രമേളയിൽ മികച്ച പ്രതികരണത്തോടെ 'പനി' മുന്നേറുന്നു - സന്തോഷ് മണ്ടൂർ
ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ തരംഗമായി മലയാള ചിത്രം 'പനി'. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഇത് മൂന്നാം തവണയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മേളയിൽ ചിത്രത്തിന്‍റെ പ്രദർശന വേളയിലെല്ലാം പ്രേക്ഷകരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നതും. തമിഴ്‌നാടിന്‍റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന തലൈക്കൂത്തൽ എന്ന ദുരാചാരത്തിന്‍റെ കഥ പറയുന്ന ചിത്രം സന്തോഷ് മണ്ടൂരാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. പനിക്ക് മേളയിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത് പ്രോത്സാഹനമാണെന്നും ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നല്ലൂർ നാരായണൻ പറഞ്ഞു. കുടുംബ പ്രേക്ഷകർക്ക് ഇണങ്ങുന്ന രീതിയിൽ തയ്യാറാക്കിയ ചിത്രം ഇതിനകം പന്ത്രണ്ടോളം ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പനി സിനിമ അടുത്ത വർഷം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.