അതിരുവിടുന്ന പ്രാങ്ക്; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പൊലീസ് ഇടപെടണമെന്ന് ആവശ്യം - latest news in kerala
Published : Nov 18, 2023, 5:15 PM IST
|Updated : Nov 18, 2023, 6:52 PM IST
കോഴിക്കോട്:തോട്ടുമുക്കത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. തോട്ടുമുക്കം സ്വദേശിനിയായ നാലാം ക്ലാസുകാരിയെയാണ് ബൈക്കിലെത്തിയ യുവാക്കള്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. മുക്കം പൊലീസിന് ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നവംബര്‍ 15ന് വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനിയെ വാലില്ലാപുഴയിലെ ആളൊഴിഞ്ഞ റോഡില്‍ വച്ച് ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ തട്ടികൊണ്ടു പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് കേട്ട് ഭയന്ന വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി വിവരം അറിയിച്ചു. ഇതോടെ പുറത്തിറങ്ങി നോക്കിയ വീട്ടുക്കാര്‍ ബൈക്കിലെത്തിയ മൂന്ന് യുവാക്കളെ കാണുകയും തടഞ്ഞ് വയ്‌ക്കുകയും ചെയ്‌തു. നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ തങ്ങള്‍ തമാശയ്‌ക്ക് പറഞ്ഞതാണെന്നും കുട്ടിയുടെ വീട്ടില്‍ പോയി മാപ്പ് പറയാമെന്നും പറഞ്ഞു. ഇതോടെ കുട്ടിയുടെ വീട്ടില്‍ പോകാനെന്ന നിലയില്‍ ബൈക്കില്‍ കയറിയ യുവാക്കള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇതോടെയാണ് വിദ്യാര്‍ഥിനിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തോട്ടുമുക്കത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.