Gang Attack| കള്ളുഷാപ്പിലെ തമ്മില്‍ത്തല്ല് ആശുപത്രിയിലേക്ക് നീണ്ടു; അഞ്ചിലധികം പേര്‍ക്ക് പരിക്ക്, കേസെടുത്ത് പൊലീസ് - വൈക്കം
കോട്ടയം:വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ആശുപത്രിയിൽ പരിഭ്രാന്തി. സംഘർഷത്തിൽ അഞ്ചിലധികം പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ ആശുപത്രി സംരക്ഷണ നിയമം പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച (06.08.2023) രാത്രി എട്ടുമണിക്കാണ് സംഭവം നടന്നത്. തോട്ടകം കള്ളുഷാപ്പിൽ രണ്ടുസംഘങ്ങൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായി. ഇതേത്തുടർന്ന് പരിക്കേറ്റ വൈക്കം ഉദയനാപുരം സ്വദേശി വിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഷാപ്പില്‍ തമ്മില്‍തല്ലിയ ഇരുസംഘങ്ങളും ആശുപത്രിയിലെത്തി. ഇവര്‍ പിന്നീട് ആശുപത്രിയില്‍ വച്ചും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രിയിലെ വാതിലുകൾ അക്രമികൾ അടിച്ചു തകർത്തു. ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞു നശിപ്പിക്കുകയുമുണ്ടായി. ഇതിനിടെ വൈക്കം പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ കടന്നുകളഞ്ഞു. അതേസമയം ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ചെമ്മനത്തുകര കിഴക്കേ കണിയാന്തറ ഷാരോണിനെ (20) വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെ കോഴിക്കോട് തിക്കോടിയിൽ വഴിവെട്ടുന്നതുമായി ബന്ധപ്പെട്ട് കൂട്ടയടി നടന്നിരുന്നു. അയൽവാസികൾ തമ്മിലാണ് വഴി വെട്ടുന്നതിനെ ചൊല്ലി സംഘർഷമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു.
Also Read: യുവാവിനോട് രണ്ട് സഹപാഠികള്‍ക്ക് പ്രണയം ; റോഡില്‍ തമ്മില്‍ തല്ലി വിദ്യാര്‍ഥിനികള്‍