കുട്ടികളെ കടത്തുന്നവരെന്ന് സംശയം; പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനും സുഹൃത്തിനും ക്രൂര മര്‍ദനം, കാര്‍ കത്തിച്ചു - karnataka news updates
ബെംഗളൂരു: കര്‍ണാടകയിലെ ഖജ്ജിദോനിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനും സുഹൃത്തിനും ക്രൂര മര്‍ദനം. ബാഗല്‍ക്കോട്ട് സ്വദേശികളായ രാഹുല്‍, കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ കടത്തുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
മുധോള്‍ താലൂക്കിലെ കെഡി ബുദ്‌നി ഗ്രാമത്തിലെ പെണ്‍സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ വഴിയരികിലെ ഒരു പാന്‍ കടയില്‍ കയറി സിഗരറ്റ് വാങ്ങിക്കുകയും തുടര്‍ന്ന് അല്‍പ സമയം അവിടെ വിശ്രമിക്കുകയും ചെയ്‌തു. ഇതോടെ മോഷ്‌ടാക്കളാണെന്ന് തെറ്റിദ്ധരിച്ച ഗ്രാമവാസികള്‍ യുവാക്കളെ ചോദ്യം ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ കാറില്‍ കയറി ഗ്രാമത്തില്‍ നിന്നും തിരിച്ച് പോന്നു.
ഗ്രാമവാസികള്‍ കാര്‍ തടയാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്‌തു. കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് കെഡി ബുദ്‌നി ഗ്രാമത്തിലെ യുവാക്കള്‍ ഖജ്ജിദോനിയിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു. യുവാക്കള്‍ ഇരുവരും കാറുമായി ഖജ്ജിദോനിയിലെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകളെത്തി കാര്‍ തടയുകയും യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു.
രോഷാകുലരായ ഗ്രാമവാസികള്‍ കാറിന് തീയിടുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കലഡഗി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ജില്ല പൊലീസ് സൂപ്രണ്ട് ജയപ്രകാശ് സ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.