തൃശൂരില്‍ അടയ്‌ക്ക മോഷണവുമായി ബന്ധപ്പെട്ട് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; യുവാവ് ഗുരുതരാവസ്ഥയില്‍
തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടയ്‌ക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദനം.
കിള്ളിമംഗലം പ്ലാക്കല്‍പീടികയില്‍ അബ്ബാസിന്‍റെ വീട്ടില്‍ നിന്നും തുടര്‍ച്ചയായി അടയ്‌ക്ക മോഷണം പോയിരുന്നു. ഇതിന്‍റെ ഭാഗമായി ഏതാനും നാളുകളായി ഇവര്‍ സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. മര്‍ദനത്തില്‍ സന്തോഷിന്‍റെ മുഖത്തും തലയ്ക്കും ക്ഷതമേറ്റിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതേസമയം പത്തോളം പേര്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്.
അടുത്തിടെ തിരുവനന്തപുരത്തും യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നിരുന്നു. സംഘം ചേര്‍ന്നുള്ള ക്രൂരമായ ആക്രമണത്തില്‍ വലിയതുറ മാധവപുരം സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്ന് പേരടങ്ങുന്ന സംഘം ഇയാള്‍ക്കുനേരെ അക്രമം നടത്തിയത്.
ഇതില്‍ തന്നെ സംഘത്തിലെ രണ്ടുപേരാണ് യുവാവിനെ പ്രധാനമായും മര്‍ദിച്ചത്. ക്രൂരമായ മര്‍ദനം കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയവരേയും സംഘം ഭീഷണിപ്പെടുത്തി അയച്ചിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ യുവാവ്, അരുണിനെ മര്‍ദിക്കുന്നതില്‍ നിന്ന് സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും മര്‍ദനം തുടര്‍ന്നു. മര്‍ദനത്തില്‍ പരിക്കേറ്റ അരുണിനെ പിന്നീട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അക്രമം നടത്തിയ മൂന്നുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഓള്‍സെയിന്‍റ് കോളജിന് സമീപം താമസിക്കുന്ന രഞ്ജിത്ത്, ശ്യാം, പ്രബിന്‍ എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖുമുഖം പൊലീസ് കസ്‌റ്റഡിയിലെടുത്തത്.