മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് യൂത്ത് ലീഗ് പ്രവർത്തകർ - Youth League protest against cm
മലപ്പുറം : മുഖ്യമന്ത്രിക്കെതിരെ പെരിന്തൽമണ്ണയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. താനൂർ ബോട്ട് അപകടത്തിലെ കുറ്റക്കാരെ സംരക്ഷിക്കുന്നതിലും എഐ ക്യാമറയിലെ അഴിമതിയിലും പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പെരിന്തൽമണ്ണയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരായ ഉനൈസ് കക്കൂത്ത്, നജുമുദ്ധീൻ ആനമങ്ങാട്, നസീൽ കുന്നപ്പള്ളി, നവാസ് ആനമങ്ങാട്, മൂസ പാതാക്കര, നാഫി വളപുരം എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.
താനൂർ ബോട്ടപകടത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി അബ്‌ദുറഹ്‌മാന്‍റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചത് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു. മന്ത്രി അബ്‌ദു റഹ്‌മാനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മെയ് ഏഴിനാണ് കേരളത്തെ ഞെട്ടിച്ച താനൂർ ബോട്ടപകടം നടന്നത്. സംഭവത്തിൽ ഒരു കുടുംബത്തിലെ 11 പേർ ഉൾപ്പടെ 22 പേർ മരണപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ബോട്ടുടമ താനൂർ സ്വദേശി നാസറിനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.