സംഘടന തെരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസില്‍ 'തിരക്കിട്ട ഗ്രൂപ്പ് യോഗങ്ങള്‍'; പത്മജയുടെ വസതിയില്‍ യോഗം ചേര്‍ന്ന് സുധാകര പക്ഷം - യൂത്ത് കോൺഗ്രസ്
തൃശൂര്‍:ജില്ലയില്‍ വീണ്ടും കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്‍റെ പുങ്കുന്നത്തെ വസതിയായ മുരളീ മന്ദിരത്തില്‍ വ്യാഴാഴ്‌ച രാത്രിയിലായിരുന്നു സുധാകരപക്ഷം യോഗം ചേര്‍ന്നത്. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട.
കെപിസിസി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, സി.എസ് ശ്രീനിവാസൻ, മുൻ മേയർ ഐ.പി പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. വരാനിരിക്കുന്ന യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പില്‍
ആരൊക്കെ മത്സരിക്കണമെന്നതും സുധാകര പക്ഷത്തിന് വിജയം ഉറപ്പിക്കുന്ന രീതിയിൽ മെമ്പർഷിപ്പ് ചേർക്കുന്നതിനും യോഗത്തിൽ ധാരണയായതായാണ് സൂചന. വ്യാഴാഴ്‌ച വെെകിട്ട് ഏഴ് മണിയോടെ ചേര്‍ന്ന യോഗം രാത്രി ഒമ്പതിനാണ് സമാപിച്ചത്.
കഴിഞ്ഞ ദിവസം അനിൽ അക്കരയുടെ നേതൃത്വത്തില്‍ കെ.സി വേണുഗോപാൽ പക്ഷവും തൃശ്ശൂരില്‍ യോഗം ചേർന്നിരുന്നു. കെപിസിസി സെക്രട്ടറി സി.സി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോഡിനേറ്റർ മുഹമ്മദ് ഹാഷിം എന്നിവരുള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായാണ് യോഗം ചേർന്നതെന്നായിരുന്നു യോഗത്തിന് ശേഷം അനിൽ അക്കര നല്‍കിയ വിശദീകരണം.