ടൗണില്‍ പരിഭ്രാന്തി പരത്തി, കടകളിലെ പാത്രങ്ങള്‍ എറിഞ്ഞുടച്ചു ; പുലാമന്തോളില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍
മലപ്പുറം : പെരിന്തല്‍മണ്ണ പുലാമന്തോള്‍ ടൗണില്‍ പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബസില്‍ ടൗണില്‍ വന്നിറങ്ങിയ ഇയാള്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി ജനങ്ങളെ കയ്യേറ്റം ചെയ്‌തു.
ബസില്‍ നിന്നിറങ്ങിയ ഇയാള്‍ സമീപത്ത് കണ്ട ബേക്കറിയിലാണ് ആദ്യം എത്തിയത്. തുടര്‍ന്ന് പാത്രങ്ങള്‍ എറിഞ്ഞ് തകര്‍ത്തു. തുടര്‍ന്ന് റോഡിലേക്കിറങ്ങിയ ഇയാള്‍ വാഹനങ്ങളില്‍ പിടിച്ച് കയറുകയും അത് തടയാനെത്തുന്നവരെ ആക്രമിക്കുകയും ചെയ്‌തു.
സംഭവത്തെ തുടര്‍ന്ന് ടൗണില്‍ ജനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ഇയാള്‍ കൂടുതല്‍ അക്രമാസക്തനായി. അരമണിക്കൂറോളം ഇയാള്‍ ടൗണില്‍ പരിഭ്രാന്തി പരത്തി. ജനങ്ങളെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ സ്ഥലത്തുള്ളവര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറാകാതിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനത്തില്‍ കയറ്റി പെരിന്തല്‍മണ്ണയിലെത്തിച്ചത്.
വൈദ്യ പരിശോധനയ്‌ക്കായി ഇയാളെ പെരിന്തല്‍മണ്ണയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി ലഹരി ഉപയോഗിച്ചത് കൊണ്ട് സ്വബോധം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ യുവാവിനെതിരെ കേസെടുക്കുമെന്ന് എസ്ഐ ഷിജോ സി. തങ്കപ്പൻ പറഞ്ഞു.