Police Vehicle| പട്രോളിങ്ങിനിടെ പൊലീസ് വാഹനം കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റില്‍ - latest news in kerala
തിരുവനന്തപുരം: പാറശാല പൊലീസിന്‍റെ വാഹനം കടത്തിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍. പരശുവയ്ക്കൽ സ്വദേശി ഗോകുലാണ് പിടിയിലായത്. ഇന്നലെ (ജൂലൈ 25) രാത്രി11 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. രാത്രിയില്‍ പരശുവയ്‌ക്കലില്‍ പട്രോളിങ്ങിനെത്തിയപ്പോള്‍ പൊലീസ് വാഹനം ശ്രദ്ധയില്‍പ്പെട്ട ഒരുക്കൂട്ടം യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. വാഹനം നിര്‍ത്തിയ പൊലീസ് യുവാക്കളെ പിന്‍തുടര്‍ന്ന് പോയതോടെയാണ് ഗോകുലെത്തി വാഹനം കടത്തിക്കൊണ്ടു പോയത്. യുവാക്കളെ പിടികൂടാന്‍ വാഹനം നിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ താക്കേല്‍ എടുക്കാന്‍ മറന്ന് പോയതാണ് വിനയായത്. സിവിൽ പൊലീസ് ഓഫിസര്‍ മാരായ സാബു, ജോയ്, വിപിൻ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വാഹനത്തില്‍ പട്രോളിങ്ങിന് എത്തിയത്. വാഹനവുമായി രക്ഷപ്പെട്ട ഇയാളെ പൊലീസും നാട്ടകാരും പിന്‍തുടര്‍ന്നു. ഇതിനിടെ വാഹനവുമായി കടന്നുകളഞ്ഞ ഗോകുല്‍ ആലമ്പാറയില്‍ ഒരു വീട്ടിലെ മതിലില്‍ വാഹനം ഇടിച്ചു. ഇതോടെ വാഹനത്തിന് കേടുപാടുകളുണ്ടായി. വാഹനം പിന്‍തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്‌തു. വാഹന മോഷണത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പൊലീസ് ഗോകുലിനെതിരെ കേസെടുത്തത്. പട്രോളിങ്ങിനെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ യുവാക്കള്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.