കേരളം

kerala

Yono app online bank scam Bihar native arrested Idukki

ETV Bharat / videos

വായ്‌പ നൽകാനെന്ന വ്യാജേന യോനോ ആപ്പ് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി തട്ടിയത് 10 ലക്ഷം; ബിഹാർ സ്വദേശി അറസ്റ്റിൽ - online bank scam

By ETV Bharat Kerala Team

Published : Nov 9, 2023, 1:03 PM IST

ഇടുക്കി : ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി 10 ലക്ഷം രൂപ കൈക്കലാക്കിയ ബിഹാര്‍ സ്വദേശി അറസ്റ്റിൽ. ഭോജ്‌പൂര്‍ ഖത്തേരി ചര്‍ക്കമ്പാഗലി സ്വദേശി രേവത് നന്ദനെയാണ് ബിഹാറിലെത്തി തൊടുപുഴ പൊലീസ് പിടികൂടിയത്. പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ പരാതിലാണ് നടപടി (Yono app online bank scam Bihar native arrested Idukki). സെപ്റ്റംബര്‍ 25-ന് തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ ഫോണിലേക്ക് എസ്‌ബിഐ യോനോ ആപ്പ് വഴി ലോണ്‍ നല്‍കുമെന്ന് പറഞ്ഞ് എസ്‌എംഎസ് അയച്ചാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. തട്ടിപ്പുകാർ നൽകിയ ലിങ്കില്‍ ക്ലിക്ക് ചെയ്‌തതോടെ ഒരാള്‍ തിരികെ വിളിച്ച് വായ്‌പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. വിളിച്ചയാള്‍ പറഞ്ഞതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവ പെരുമ്പിള്ളിച്ചിറ സ്വദേശി കൈമാറി. ഇതുപയോഗിച്ച് തട്ടിപ്പുകാർ യോനോ ആപ്പ് തുറക്കാൻ ശ്രമിച്ചതോടെ ഒരു ഒടിപി നമ്പർ ഇദ്ദേഹത്തിൻ്റെ ഫോണിലേക്ക് വന്നു. ഇത് ലോൺ നൽകുന്നതിനായുള്ള കോഡാണെന്ന് പറഞ്ഞപ്പോള്‍ പരാതിക്കാരൻ ഒടിപി നമ്പർ കൈമാറുകയും ചെയ്‌തു. ആ സമയം തട്ടിപ്പുകാര്‍ ആപ്പിന്‍റെ എം പിന്‍ (മൊബൈല്‍ പേഴ്‌ണല്‍ ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍) മാറ്റി. അങ്ങനെ മൂന്ന് തവണ ഇവര്‍ ഒടിപി ചോദിച്ചു വാങ്ങിയ പ്രതികൾ ഇന്‍റര്‍നെറ്റ് ബാങ്കിങ് പ്രൊഫൈല്‍ പാസ്‌വേര്‍ഡ് മനസിലാക്കുകയും പരാതിക്കാരന്‍റെ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്‌തു. കുറച്ചു ദിവസത്തിനകം വായ്‌പ അക്കൗണ്ടിലേക്ക് വരുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതോടെ പരാതിക്കാരന്‍ ഒരു സഹകരണ സംഘത്തില്‍ നിന്ന് 15 ലക്ഷം രൂപ വായ്‌പയെടുത്തു. ഇത് മനസിലാക്കിയ തട്ടിപ്പുകാര്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് ദിവസങ്ങളിലായി രണ്ട് ബെനിഫിഷ്യറി അക്കൗണ്ടുകള്‍ വഴി 10 ലക്ഷം രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ച ബെനിഫിഷ്യറി അക്കൗണ്ട് പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. തട്ടിപ്പ് സംഘത്തില്‍ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details