World Heart Day Message: 'ആരോഗ്യകരമായ ഭക്ഷണ ക്രമവും സ്ഥിരമായ വ്യായാമവും ശീലമാക്കൂ, ഹൃദ്രോഗമകറ്റൂ'; ലോക ഹൃദയ ദിന സന്ദേശവുമായി ആരോഗ്യവിദഗ്‌ധ - ഹൃദ്രോഗം ഒഴിവാക്കാൻ
Published : Sep 29, 2023, 6:54 AM IST
|Updated : Sep 29, 2023, 7:00 AM IST
തിരുവനന്തപുരം : അന്താരാഷ്‌ട്ര ഹൃദയ ദിനം (World Heart Day) നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നത് ഹൃദയാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചാണെന്ന് എസ് യു ടി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് രാജലക്ഷ്‌മി. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലിക്കുന്നവവര്‍ക്ക് ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താന്‍ ഒരു വിഷമവും ഉണ്ടാകില്ല. വര്‍ഷം തോറും 18 ലക്ഷം പേര്‍ ലോകത്ത് ഹൃദ്രോഗം (Heart Disease) ബാധിച്ചു മാത്രം മരിക്കുന്നു എന്നത് ഈ രോഗത്തിന്‍റെ തീവ്രത എത്രത്തോളം ഭയാനകമാണെന്ന് സൂചിപ്പിക്കുന്നു. പുകവലി, അമിത മദ്യപാനം, അമിത രക്തസമ്മര്‍ദം, പ്രമേഹം, അമിതമായ കൊളസ്‌ട്രോള്‍ എന്നിവയാണ് ഹൃദ്രോഗത്തിന്‍റെ പ്രധാന കാരണങ്ങൾ (Reasons Of Heart Diseases). മാനസിക സമ്മര്‍ദം, അമിത വണ്ണം എന്നിവയും ഹൃദ്രോഗത്തിന് കാരണമാകുന്നു. വ്യായാമം, മരുന്നുകളുടെ സഹായം എന്നിങ്ങനെ അമിത രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിച്ചു നിര്‍ത്തി 80 ശതമാനം വരെ ഹൃദ്രോഗ ബാധ ഒഴിവാക്കാനാകും. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുന്നതിലൂടെയും ഹൃദ്രോഗത്തെ പടിക്ക് പുറത്തു നിര്‍ത്താം. നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരളമായി ഉപയോഗിക്കുക, വൈറ്റ് പോയിസണ്‍ എന്നറിയപ്പെടുന്ന ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക. പൂരിത കൊഴുപ്പ് ധാരളം അടങ്ങിയ ജംഗ് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ആഴ്‌ചയില്‍ അഞ്ച് ദിവസവും കുറഞ്ഞത് 30 മിനിറ്റ് വീതം വ്യായാമം പതിവാക്കുക. ഏതെങ്കിലും കായിക വിനോദങ്ങളില്‍ ദിവസവും ഏര്‍പ്പെടുകയോ ഓട്ടം, നടത്തം, ജോഗിങ് എന്നിവ പതിവാക്കുകയോ ചെയ്യുക. നെഞ്ചു വേദനയെ (Chest Pain) നിസാരമായി തള്ളിക്കളയാതിരിക്കുക. നെഞ്ചു വേദനയ്‌ക്ക് വിദഗ്‌ധ ചികിത്സ തേടാന്‍ മറക്കരുത്.