ബാറ്റിംഗ് നിരാശപ്പെടുത്തി, ഇനി പ്രതീക്ഷ ഇന്ത്യയുടെ ബൗളിംഗില്‍ ; മാനവീയം വീഥിയിലെത്തിയ ക്രിക്കറ്റ് പ്രേമികള്‍ പറയുന്നു - മാനവീയം വീഥി
Published : Nov 19, 2023, 7:35 PM IST
തിരുവനന്തപുരം : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിരാശപ്പെടുത്തിയെന്ന് കാണികള്‍. തലസ്ഥാന നഗരത്തിലെ മാനവീയം വീഥിയില്‍ ഒരുക്കിയിട്ടുള്ള തത്സമയ പ്രദര്‍ശനം കാണാനെത്തിയവര്‍ ഇനി പ്രതീക്ഷ ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയിലാണെന്നും ഇടിവി ഭാരതിനോട് പറഞ്ഞു. 2 മണിക്ക് ആരംഭിച്ച ഫൈനല്‍ പോരാട്ടത്തിന്‍റെ തത്സമയ സ്‌ക്രീനിങ് കാണാന്‍ നിരവധി ക്രിക്കറ്റ് പ്രേമികളായിരുന്നു മാനവീയം വീഥിയിലെത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സാണ് നേടിയത്. 63 പന്തില്‍ 54 റണ്‍സ് നേടിയ വിരാട് കോലിയുടെയും 107 പന്തില്‍ 66 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്‍റെയും 31 പന്തില്‍ 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ 240 റണ്‍സ് നേടിയത്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ 7ന് മുകളിലായിരുന്ന റണ്‍ റേറ്റ് അവസാനത്തോടെ നാലായി കുറഞ്ഞു. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് ഫൈനലില്‍ ഇറങ്ങിയത്. കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുമ്പോള്‍ നഗരത്തിലെ നിരവധി കേന്ദ്രങ്ങളില്‍ സ്വകാര്യ ക്ലബ്ബുകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തില്‍ തത്സമയ സംപ്രേഷണത്തിനായി എല്‍ഇഡി വാളുകള്‍ തയ്യാറാക്കിയിട്ടുണ്ട്.