കേരളം

kerala

VIDEO: 'ക്രൈം നന്ദകുമാർ ജീവിതം തകർത്തു'; കലൂരിൽ പട്ടാപ്പകൽ യുവതിയുടെ ആത്മഹത്യ ശ്രമം

By

Published : Mar 15, 2023, 6:39 PM IST

കലൂരിൽ യുവതിയുടെ ആത്മഹത്യ ശ്രമം

എറണാകുളം: കൊച്ചിയിൽ പട്ടാപ്പകൽ യുവതിയുടെ ആത്മഹത്യ ശ്രമം. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു യുവതി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. കന്നാസിൽ മണ്ണെണ്ണയുമായെത്തി തലയിലൂടെ ഒഴിക്കുകയായിരുന്നു. 

സമീപത്തെ ഓട്ടോ ഡ്രൈവർമാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് ഇവരുടെ ആത്മഹത്യ ശ്രമം തടഞ്ഞത്. ക്രൈം നന്ദകുമാർ തനിക്കും മകൾക്കുമെതിരെ അനാവശ്യ ആരോപണം നടത്തുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇവർ ആത്‌മഹത്യ ശ്രമം നടത്തിയത്. തന്‍റെയും കുടുംബത്തിന്‍റെയും ജീവിതം നന്ദകുമാർ നശിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. 

വർഷങ്ങൾക്ക് മുമ്പ് ക്രൈം നന്ദകുമാറിന്‍റെ സ്ഥാപനത്തില്‍ യുവതി ജോലി ചെയ്‌തിരുന്നു. പിന്നീട് നന്ദകുമാറുമായുള്ള തർക്കത്തെ തുടർന്ന് ഇവിടെ നിന്നും ഒഴിഞ്ഞു പോവുകയായിരുന്നു. ഇതിനു ശേഷവും നന്ദകുമാർ തന്നെ വേട്ടയാടുകയാണെന്നാണ് ഇവരുടെ ആരോപണം. 

ഇതിനിടെ ജോലിയാവശ്യാർഥം പരാതിക്കാരി രാജസ്ഥാനിൽ കഴിയവെ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ രാജസ്ഥാൻ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തുടർന്ന് സ്വഭാവഹത്യ നടത്തുന്ന രീതിയിൽ നന്ദകുമാർ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും പ്രചാരണം നടത്തിയതിനെ തുടർന്നാണ് യുവതി കൊച്ചിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

നന്ദകുമാറിന് എതിരെ നിരവധി പരാതികൾ:നേരത്തെയും ക്രൈം നന്ദകുമാറിനെതിരെ സമാന പരാതികൾ ഉയർന്നിരുന്നു. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഈ കേസിൽ ഹൈക്കോടതിയായിരുന്നു ജാമ്യം നൽകിയത്. എറണാകുളം നോർത്ത് പൊലീസ് പട്ടികജാതി പീഡന നിരോധനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്ന് കേസെടുത്തത്.

മാനസികമായ പീഡനവും, അശ്‌ളീല സംഭാഷണവും ഭീഷണിയും ഇയാളിൽ നിന്ന് നേരിടേണ്ടി വന്നു എന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തെ ലൈംഗികവൽകരിച്ചു സംസാരിക്കുകയും, സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.

കള്ള കഥകൾ ഉണ്ടാക്കാനും, വ്യാജ വീഡിയോയിൽ അഭിനയിക്കാൻ നിർബന്ധിച്ചുവെന്നും തെളിവുകൾ ഉണ്ടാക്കാൻ കൂട്ടുനിൽക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് നന്ദകുമാറിനെതിരെ സമാന പരാതി ഉയരുന്നത്. 

ABOUT THE AUTHOR

...view details