ഇടുക്കിയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു - ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു ഇടുക്കി
ഇടുക്കി:മാമലക്കണ്ടം ഇളംബ്ലാശേരിയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ലാലുവിന്‍റെ ഭാര്യ മാളുവാണ് (23) ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അല്‍ഷിഫ ആംബുലന്‍സിലെ ഡ്രൈവര്‍ സദ്ദാം പിഎയാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി ഒപ്പം നിന്നത്.
ഇന്ന് ഉച്ചയ്‌ക്ക് 12നാണ് മാളുവിന് പ്രസവവേദന ഉണ്ടായത്. ഉടന്‍ ഊരില്‍ നിന്നും ജീപ്പില്‍ മാളുവും ഭര്‍ത്താവും ബന്ധുവും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. വേദന കലശലായ സമയത്ത് ആംബുലന്‍സ് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്, 14ാം മൈല്‍ വരെ ജീപ്പില്‍ എത്തിച്ച മാളുവിനെ അവിടെ നിന്നും സ്വകാര്യ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
ഇവിടെ നിന്ന് ആറ് കിലോമീറ്റര്‍ അകലെ ചാറ്റുപാറയില്‍ എത്തിയപ്പോഴാണ് മാളു പ്രസവിച്ചത്. സമയോചിതമായി, അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മാളുവും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞനുജനെയും കാത്ത്, ലാലു - മാളു ദമ്പതികളുടെ ആറു വയസുള്ള മൂത്തമകന്‍ ഗോപകുമാറും ഇരട്ടക്കുട്ടികളായ രണ്ടര വയസുള്ള സൗമ്യയും ഗോപികയും വീട്ടില്‍ കാത്തിരിക്കുകയാണ്.
അടിമാലി ടൗണില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദിവാസി മേഖലയായ ഇളംബ്ലാശേരി. മാമലക്കണ്ടം വനമേഖലയിലൂടെ ദീര്‍ഘ ദൂരം സഞ്ചാരിച്ച് വേണം ഇളംബ്ലാശേരിയില്‍ എത്താന്‍.