പൂപ്പാറയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ - പൂപ്പാറയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി:ഇടുക്കി പൂപ്പാറയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി പൗൾരാജിന്‍റെ ഭാര്യ മുരുകേശ്വരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ കാണാതായിരുന്നു.
വ്യാഴാഴ്‌ച ധ്യാനത്തിന് പോയി രാത്രി തിരികെ പൂപ്പാറയിൽ എത്തിയതിന് ശേഷമാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മുരുകേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥല ഉടമ രാവിലെ കൃഷി ജോലികൾക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം യുവതിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ALSO READ:19കാരിയെ കുത്തിക്കൊന്ന് പിതാവ്; സംഭവം അമ്മയ്‌ക്കെതിരായ ആക്രമണം തടയുന്നതിനിടെ