ഷൂവില്‍ തന്ത്രപരമായി ഒളിപ്പിച്ച് കടത്തല്‍ ; 25 ലക്ഷത്തിന്‍റെ സ്വർണവുമായി യുവതി നെടുമ്പാശ്ശേരിയില്‍ പിടിയിൽ - GOLD SMUGGLING
എറണാകുളം:ഷൂവിനുള്ളിൽ ഒളിപ്പിച്ച് 25 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. ബെഹ്‌റിനില്‍ നിന്ന്, മാതാവ് മരണപ്പെട്ടെന്ന പേരിലെത്തിയാണ് പരിശോധന ഒഴിവാക്കി ഇവർ 518ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഷൂസ് അഴിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിശദമായ പരിശോധനയിലാണ് ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തിയത്. അതേസമയം കൊച്ചി വിമാനത്താവളത്തിൽ വർധിച്ചുവരുന്ന സ്വർണക്കടത്ത് കസ്റ്റംസ് ഗൗരവത്തോടെയാണ് കാണുന്നത്. സ്വർണക്കടത്ത് സംഘങ്ങൾ ഒരു ഇടവേളയ്‌ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തുടർച്ചയായുള്ള ഇത്തരം സംഭവങ്ങള്‍. കസ്റ്റംസിന്‍റെ കണ്ണ് വെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളും കടത്ത് സംഘങ്ങൾ പരീക്ഷിക്കുന്നു. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവ യാത്രക്കാരിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തുകടന്ന യാത്രക്കാരെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌ത സംഭവും ഈയടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. എയർപോർട്ടിലെ സുരക്ഷാപരിശോധനകള്‍ വരെ മറികടന്ന് സ്വർണം കടത്താൻ കഴിവുള്ളവരായി സംഘങ്ങൾ വളർന്നിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.