പൊലീസിനോട് തട്ടിക്കയറി, അസഭ്യ വര്‍ഷം, പിന്നാലെ കോണ്‍സ്റ്റബിളിന് മര്‍ദനം; വൈറല്‍ യുവതി അറസ്റ്റില്‍
ചെന്നൈ:വാഹന പരിശോധ നടത്തുകയായിരുന്ന പൊലീസുകാരോട് തര്‍ക്കിക്കുകയും കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും ചെയ്‌ത യുവതിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ഏപ്രില്‍ 16 ഞായറാഴ്‌ച നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് യുവതിയും ഒപ്പമുണ്ടായിരുന്ന രണ്ടു പേരും അറസ്റ്റിലായിട്ടുണ്ട്.
ഞായറാഴ്‌ച രാത്രിയിലാണ് സംഭവം. ചൂളൈമേട് ഹൈവേയ്‌ക്കും നെൽസൺ മാണിക്കം റോഡിനും ഇടയില്‍ സബ് ഇൻസ്‌പെക്‌ടര്‍ ലോകിതാക്ഷന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞ് വച്ച് പരിശോധിച്ചു. പരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തി.
ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനായി പൊലീസ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാക്കളില്‍ ഒരാള്‍ ഫോണില്‍ ആരെയോ ബന്ധപ്പെടുകയും തങ്ങള്‍ പൊലീസ് പിടിയിലാണെന്നും ഉടന്‍ സ്ഥലത്തെത്തണമെന്നും പറയുകയും ചെയ്‌തു. അല്‍പ സമയത്തിനകം ഒരു യുവതി സ്ഥലത്തെത്തി.
യുവതി കോണ്‍സ്റ്റബിള്‍ വെള്ളൈദുരൈയുടെ അടുത്തെത്തി പിടിച്ചു വച്ചിരിക്കുന്ന യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസുകാര്‍ അവരുടെ ആവശ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ യുവതി കോണ്‍സ്റ്റബിള്‍മാരെ അസഭ്യം പറയാന്‍ തുടങ്ങി. പിന്നാലെ കോണ്‍സ്റ്റബിള്‍ വെള്ളൈദുരൈയെ മര്‍ദിക്കുകയും ചെയ്‌തു.
മര്‍ദനത്തില്‍ പരിക്കേറ്റ വെള്ളൈദുരൈയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൈദുരൈയുടെ പരാതിയെ തുടര്‍ന്ന് യുവതിക്കെതിരെ കേസെടുത്തു. അക്ഷയ എന്നാണ് യുവതിയുടെ പേര്. കൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് സത്യരാജ്, വിനോദ്‌കുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പിന്നാലെ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.