ഭീതിപടര്‍ത്തി കാട്ടാനകൂട്ടം; തൃശൂര്‍ പാലാപ്പിള്ളി എസ്റ്റേറ്റ് കയ്യടിക്കിയത് നാല്‍പ്പതോളം ആനകള്‍ - പുതുക്കാട് എസ്‌റ്റേറ്റ് കാട്ടാന
Published : Dec 9, 2023, 8:10 AM IST
തൃശൂര്‍:പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാന ശല്യം (Wild Elephants In Thrissur Palappilly). മേഖലയിലെ വിവിധ സ്ഥലങ്ങളിലായി അന്‍പതോളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും കാട്ടന ശല്യം രൂക്ഷമായിരിക്കുന്നത്. പിള്ളത്തോട് (Pillathod) ഭാഗത്തായുള്ള പുതുക്കാട് എസ്‌റ്റേറ്റിലും വലിയകുളത്തുമാണ് (Valiyakulam) കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനക്കൂട്ടം ഇറങ്ങി ഭീതിപരത്തിയത്. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചുകടന്നായിരുന്നു കാട്ടാന കൂട്ടം തോട്ടത്തിലേക്ക് എത്തിയത്. ടാപ്പിങ്ങിനെത്തിയെ തൊഴിലാളികളാണ് ആദ്യം ആനക്കൂട്ടത്തെ കണ്ടത്. പുതുക്കാട് എസ്‌റ്റേറ്റില്‍ മാത്രം നാല്‍പ്പതോളം ആനകള്‍ ഉണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കാട്ടാനകള്‍ തുടര്‍ച്ചയായി പ്രദേശത്ത് വിഹരിക്കുന്നതോടെ തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആനകളെ തിരികെ കാടുകയറ്റാന്‍ വനപാലകര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് മുന്‍പും മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരുന്നു. നേരത്തെ, പ്രദേശത്തെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ആയിരുന്നു കാട് കയറ്റിയത്. വയനാട്ടില്‍ നിന്നുമെത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഉപയോഗിച്ചായിരുന്നു വനം വകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്.