മലമ്പുഴയിൽ കാട്ടാനകൾ സ്‌കൂട്ടര്‍ തകര്‍ത്തു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് - പാലക്കാട് മലമ്പുഴ
പാലക്കാട്:മലമ്പുഴ കരടിയോടിൽ കാട്ടാനക്കൂട്ടം സ്‌കൂട്ടർ തകർത്തു. സംഭവത്തില്‍ സ്‌കൂട്ടർ യാത്രക്കാരനായ സുന്ദരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ മലമ്പുഴ ഡാമിൽ മീൻ പിടിക്കാനായി വരികയായിരുന്നു. വഴി മധ്യേ പത്തോളം കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു.
സ്‌കൂട്ടർ കണ്ടതും കാട്ടാന സുന്ദരന്‍റെ നേരെ പാഞ്ഞടുത്തു. സുന്ദരൻ സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനകൾ മാറിയതിന് ശേഷം സ്‌കൂട്ടർ ഉപേക്ഷിച്ച സ്ഥലത്ത് നോക്കിയപ്പോഴാണ് കാട്ടാനകൾ സ്‌കൂട്ടർ പൂർണമായി തകർത്ത നിലയിൽ കണ്ടത്.
ജനുവരി എട്ടാം തിയതി വൈകുന്നേരത്തോടെ മലമ്പുഴ ഡാമിൽ 20 ഓളം കാട്ടാനകൾ എത്തിയിരുന്നു. മലമ്പുഴ ബസ് സ്‌റ്റാൻഡിൽ നിന്ന് കവ ഭാഗത്തേക്കു തിരിയുന്നതിന് സമീപത്തായി ഡാം പരിസരത്താണ് കാട്ടാനക്കൂട്ടം എത്തിയിരുന്നത്. മലമ്പുഴയിൽ കാട്ടാന ശല്യം രൂക്ഷമായതോടെ ആശങ്കയിലാണ് ജനങ്ങൾ.
അതേസമയം പാലക്കാട് ധോണി മേഖലയിൽ സ്ഥിരം പ്രശ്‌നക്കാരനായ പി.ടി 7 നെ പിടികൂടി ധോണിയിൽ വനം വകുപ്പ് ഡിവിഷൻ ഓഫിസിൽ കൂട്ടിലടച്ചു. വനംവകുപ്പ് ഓഫിസിൽ പി.ടി 7 നെ സന്ദർശിച്ച വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പി.ടി 7 ന് ധോണിയെന്ന പേരുമിട്ടു. ധോണിയെ മെരുക്കാൻ രണ്ട് പാപ്പൻമാരെയും എത്തിച്ചു. പി.ടി 7 നെ കുങ്കിയാന ആക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ഇതിനായി പി.ടി 7 നെ പരിശീലിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.