VIDEO: കാട്ടാന നടുറോഡില്‍ പ്രസവിച്ചു, സുരക്ഷയൊരുക്കാന്‍ കാടിറങ്ങി കാട്ടാനക്കൂട്ടം: ദൃശ്യങ്ങൾ ഇടിവി ഭാരതിന്
കണ്ണൂര്‍:നാട് വിറപ്പിച്ച അരിക്കൊമ്പനെ കാടുകയറ്റിയപ്പോഴാണ് ഇടുക്കിയിലെ ചിന്നക്കനാലുകാർക്ക് ആശ്വാസമായത്. പക്ഷേ ഇടുക്കിയില്‍ ചക്കക്കൊമ്പനും അട്ടപ്പാട്ടിയില്‍ മാങ്ങക്കൊമ്പനും ജനവാസമേഖലയില്‍ ഇപ്പോഴും ഭീതി സൃഷ്‌ടിക്കുകയാണ്. അതിനിടെയാണ്കണ്ണൂരിലെ ആറളത്ത് കാട്ടാന നടുറോഡില്‍ പ്രസവിച്ച വാർത്ത പുറത്തുവരുന്നത്.
പാതി രാത്രി കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനയാണ് നടുറോഡില്‍ പ്രസവിച്ചത്. ആറളം കീഴ്‌പ്പള്ളി പാലപ്പുഴ പാതയിലാണ് ആന പ്രസവിച്ചത്. ബുധനാഴ്‌ച (07.06.23) രാത്രി പാലപ്പുഴ റൂട്ടിലെ ജനവാസ മേഖലയിലെ നഴ്‌സറിക്ക് സമീപമാണ് സംഭവം. പ്രസവത്തിന് ശേഷം ആനയും കുഞ്ഞും നടുറോഡില്‍ തന്നെ തമ്പടിച്ചു. കൂടാതെ വനത്തില്‍ നിന്ന് മറ്റ് കാട്ടാനകളും സ്ഥലത്തെത്തി കുട്ടിയാനയ്‌ക്കൊപ്പം തമ്പടിച്ചു. ഇതോടെ പാതയിലെ ഗതാഗത തടസപ്പെട്ടു. പ്രദേശവാസികള്‍ രാത്രിയില്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം ഇടിവി ഭാരതിന് ലഭിച്ചു.
നിലവില്‍ കീഴ്പ്പള്ളി പാലപ്പുഴ പാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രസവത്തെ തുടര്‍ന്ന് കാട്ടാനയും കുഞ്ഞും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.