മലമ്പുഴ ഡാമിന് സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി; ആന ചരിഞ്ഞത് ആദ്യമായി കണ്ടത് കന്നുകാലികളുമായി പോയ പ്രദേശവാസികള്‍
പാലക്കാട്:മലമ്പുഴ ഡാമിന് സമീപം അഴുകിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. മലമ്പുഴ കവക്ക് സമീപം കോഴിമലയിലാണ് പ്രദേശവാസികൾ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെ കന്നുകാലികളുമായി പോയവരാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്.
ചരിഞ്ഞ കാട്ടാനക്ക് 30 വയസുള്ളതായാണ് വനം വകുപ്പ് പറയുന്നത്. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. അവശനിലയിൽ ഒരാഴ്‌ച മുൻപ് മലമ്പുഴ ഡാം പരിസരത്ത് കാട്ടാനയെ പ്രദേശവാസികൾ കണ്ടിരുന്നു. ഈ പ്രദേശങ്ങളിൽ മുപ്പതോളം കാട്ടാനക്കൂട്ടങ്ങൾ എത്തിയിരുന്നു. ഈ കാട്ടാനകൾ പരിസര പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. വേനൽ കനത്തതോടെ കുടിവെളളം തേടിയിറങ്ങിയ കാട്ടാനകളാണ് കാട് കയറാതെ ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 19 ന് മലമ്പുഴ കരടിയോടിൽ കാട്ടാനക്കൂട്ടം സ്‌കൂട്ടർ തകർത്തു. സംഭവത്തില്‍ സ്‌കൂട്ടർ യാത്രക്കാരനായ സുന്ദരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ മലമ്പുഴ ഡാമിൽ മീൻ പിടിക്കാനായി വരികയായിരുന്ന മത്സ്യത്തൊഴിലാളിയായ കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടത്. സ്‌കൂട്ടർ കണ്ടതും കാട്ടാനകള്‍ സുന്ദരന് നേരെ പാഞ്ഞടുത്തു. ഈ സമയം സുന്ദരൻ സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനകൾ മാറിയതിന് ശേഷം സ്‌കൂട്ടർ ഉപേക്ഷിച്ച സ്ഥലത്തെത്തിയപ്പോള്‍ കാട്ടാനകൾ സ്‌കൂട്ടർ പൂർണമായി തകർത്ത നിലയിലായിരുന്നു.