VIDEO | ഓടിച്ചെന്ന് കാട്ടാന റെയില്‍വേ ട്രാക്കില്‍ നിന്നു ; പാഞ്ഞടുത്ത് എക്‌സ്പ്രസ് ട്രെയിന്‍, അപകടമൊഴിവായത് തലനാരിഴയ്‌ക്ക് - കാട്ടാന രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തമിഴ്‌നാട് : കോയമ്പത്തൂര്‍ ധര്‍മപുരിയിലെ ജനവാസ മേഖലയില്‍ ട്രെയിനിന് മുന്നില്‍ ചാടി കാട്ടാന. കൂട്ടിയിടിച്ചുള്ള അപകടമൊഴിവായത് തലനാരിഴയ്ക്ക്. കുതിച്ചെത്തിയ ട്രെയിനിന് മുമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന കാട്ടാനയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഈ കാട്ടാന ജനവാസ മേഖലയിലെത്തുന്നത് പതിവാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് ധര്‍മപുരിയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടാനയെ ആനമലൈ കടുവ സങ്കേത്തിലെ തപ്‌സിലിപ് വനമേഖലയിലേക്ക് തുരത്തിയിരുന്നു. എന്നാല്‍ അടുത്ത ദിവസം വീണ്ടും ജനവാസ മേഖലയിലെത്തിയ കാട്ടാനയെ ഉദ്യോഗസ്ഥരെത്തി വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് അത് ട്രെയിനിന് മുന്നില്‍പ്പെട്ടത്.
ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടാന റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്കുള്ള എക്‌സ്‌പ്രസ് ട്രെയിന്‍ പാഞ്ഞടുത്തത്. ഇതുകണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയ്‌ക്ക് പിന്നാലെയെത്തി ശബ്‌ദമുണ്ടാക്കി. ഇതോടെ ആന റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് ഓടി. അല്‍പ്പം വൈകിയിരുന്നെങ്കില്‍ ട്രെയിന്‍ കാട്ടാനയെ ഇടിക്കുമായിരുന്നു.