അട്ടപ്പാടിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; സ്വകാര്യ വ്യക്തിക്കെതിരെ കേസെടുത്ത് വനം വകുപ്പ് - Forest Department
പാലക്കാട് :അട്ടപ്പാടിയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരഗംപാടിയിലാണ് ആറ് വയസുള്ള കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയച്ചതോടെ ഷോളയൂർ വനം വകുപ്പും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബാറ്ററിയിൽ നിന്നാണ് വൈദ്യുതി വേലിയിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. ഈ വേലിയിൽ നിന്ന് ഷോക്കേറ്റ ആന തലയടിച്ച് വൈദ്യുതി വേലിയിലേക്ക് തന്നെ വീഴുകയായിരുന്നു. ഷോക്കേറ്റ ആനക്ക് എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ വീണ്ടും ഷോക്കേൽക്കുകയായിരുന്നു. ഇതാണ് ആന ചരിയാനുള്ള കാരണം. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കാട്ടാനയെ സംസ്‌കരിച്ചു. സ്ഥലം ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
കുഴിച്ചിട്ട നിലയിൽ കാട്ടാനയുടെ ജഡം : അടുത്തിടെ തൃശൂരിൽ കാട്ടാനയുടെ ജഡം കഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തൃശൂർ വാഴക്കോട് റബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ കുഴിച്ച് മൂടിയ നിലയിലാണ് കാട്ടാനയുടെ ജഡം കണ്ടത്. കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു ആനയുടെ ജഡം.