കോടനാട് കിണറ്റിൽ വീണ് പിടിയാന ചെരിഞ്ഞു; വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ - wild elephant
എറണാകുളം: കോടനാട് നെടുമ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ് ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണാണ് പിടിയാന ചരിഞ്ഞത്. മുല്ലശ്ശേരി തങ്കന്‍ എന്നയാളുടെ വീട്ടുപറമ്പിലെ പൊട്ടക്കിണറ്റില്‍ കാട്ടാന വീഴുകയായിരുന്നു. അതേസമയം പ്രദേശത്തെ കാട്ടാന ആക്രമണത്തിനെതിരെ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
രാവിലെ പറമ്പിലിറങ്ങിയപ്പോഴാണ് വാഴ കൃഷി നശിപ്പിച്ചതും കാട്ടാനക്കൂട്ടത്തിന്‍റെ കാല്‍പ്പാടുകളും തങ്കന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറിൽ പിടിയാന വീണുകിടക്കുന്നതായി കണ്ടത്. ചെറിയ കിണറ്റില്‍ വീണതിനാൽ അനങ്ങാനാവാതെ കുടുങ്ങിയ നിലയിലായിരുന്നു ആന. എന്നാൽ ആ സമയത്ത് ആന ചെരിഞ്ഞുവെന്ന് നാട്ടുകാർക്ക് മനസിലായിരുന്നില്ല.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആന ചെരിഞ്ഞതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഈ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു. ഈ കാര്യം വനം വകുപ്പിനെ അറിയിച്ചങ്കിലും അവഗണിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി.
വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുക്കുന്നതിനിടെ കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി ചര്‍ച്ചനടത്തിയ ശേഷമാണ് ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് നിരത്തി കയർ കെട്ടിവലിച്ച് ആനയുടെ ജഡം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു.