Assam | കീടനാശിനി കമ്പനിയുടെ വാട്ടർ ടാങ്കിൽ വീണ് കാട്ടാനക്കുട്ടി ; സ്ഥലത്തെത്താതെ ഉദ്യോഗസ്ഥര്‍, ഒടുക്കം രക്ഷപ്പെടുത്തി നാട്ടുകാര്‍ - വാട്ടർ ടാങ്കിൽ വീണ് കാട്ടാനക്കുട്ടി
ജോർഹട്ട് : അസമില്‍ രാസവസ്‌തുക്കള്‍ നിര്‍മിക്കുന്ന ഫാക്‌ടറിയുടെ തുറന്നുകിടന്ന വാട്ടർ ടാങ്കിൽ അകപ്പെട്ട കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. ജോർഹട്ട് ജില്ലയിൽ മരിയാനിയിലെ ഹുലോംഗുരി ടീ എസ്റ്റേറ്റിലുള്ള കോൺക്രീറ്റ് വാട്ടർ ടാങ്കിലാണ് കുട്ടിയാന കുടുങ്ങിയത്.
തേയിലത്തോട്ടത്തിന് സമീപമുള്ള ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ നിന്നുമാണ് ആനക്കുട്ടി ഇവിടേക്ക് എത്തിയത്. മരിയാനിയിലെ തേയിലത്തോട്ടത്തിന് സമീപം, കീടനാശിനി ഉള്‍പ്പടെയുള്ള രാസവസ്‌തുക്കൾ നിര്‍മിക്കുന്ന ഫാക്‌ടറിയുടെ ജലസംഭരണിയാണിത്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ ആനക്കുട്ടിയെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, രക്ഷാപ്രവര്‍ത്തനത്തിന് വനംവകുപ്പ് അധികൃതരെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ല. തുടര്‍ന്ന്, നാട്ടുകാരാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
ജലസംഭരണിയിൽ നിന്ന് പുറത്തുകടക്കാന്‍ ആനക്കുട്ടി പാടുപെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരവധി മണിക്കൂറുകളാണ് ആനക്കുട്ടി വാട്ടര്‍ടാങ്കില്‍ കുടുങ്ങിക്കിടന്നത്. നാട്ടുകാർ ആനക്കുട്ടിയെ രക്ഷപ്പെടുത്തി ഗിബ്ബൺ വന്യജീവി സങ്കേതത്തിലേക്ക് വിട്ടു. ഒരു വർഷം മുന്‍പ് ജില്ലയിലെ കാതൽഗുരി തേയിലത്തോട്ടത്തിലും സമാനമായ സംഭവം നടന്നിരുന്നു.
സുരക്ഷാപ്രോട്ടോക്കോളുകളുടെ അഭാവവും വനംവകുപ്പ് അധികൃതരുടെ അനാസ്ഥയും കാരണമാണ് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകളും മനുഷ്യരുമായുള്ള സംഘർഷത്തിന്‍റെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സംസ്ഥാനമാണ് അസം. പ്രത്യേകിച്ചും മഴക്കാലത്താണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. മഴക്കാലങ്ങളില്‍ മറ്റ് പല മൃഗങ്ങളെയും പോലെ ആനക്കൂട്ടങ്ങള്‍ ഭക്ഷണം തേടിയാണ് കാടിറങ്ങാറുള്ളത്. ഇതാണ് പല അനിഷ്‌ട സംഭവങ്ങളിലേക്കും വഴിവയ്‌ക്കാറുള്ളത്.