Thrissur| റബ്ബര്‍ തോട്ടത്തില്‍ നിന്നും കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; ആനയുടെ ഒരു കൊമ്പ് മുറിച്ച നിലയില്‍ - വടക്കാഞ്ചേരി പൊലീസ്
തൃശൂര്‍: റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയുടെ (Wild Elephant) ജഡം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ (Thrissur) മച്ചാട് ഫോറസ്റ്റ് റേഞ്ചിൽ (Machad Forest Range) മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡി കാർ വേൾഡിന് സമീപത്തുള്ള റബ്ബർ തോട്ടത്തില്‍ നിന്നാണ് കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തിയത്. ആനയുടെ ഒരു കൊമ്പ് മുറിച്ചുമാറ്റിയ നിലയിലാണുണ്ടായിരുന്നത്.
രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മച്ചാട് റേയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ആനക്കൊമ്പ് വേട്ട നടന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം, വാഴക്കാട് സ്വദേശിയായ റബ്ബര്‍ തോട്ടം ഉടമ റോയി ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആനയുടെ ജഡം പുറത്തെടുത്തത്. ഇതിന് രണ്ട് മാസത്തോളം പഴക്കമുണ്ടെന്നാണ് സംശയം. ഒരു കൊമ്പ് മുറിച്ചുമാറ്റിയ നിലയിലായിരുന്നു ആനയുടെ ജഡം. ഇതിനിടെ കോടനാട് നിന്നും വനം വകുപ്പ് ഒരു ആനക്കൊമ്പ് പിടികൂടിയിരുന്നു. ഈ കൊമ്പ് വാഴക്കോട് കണ്ടെത്തിയ ആനയുടേതാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
മുറിച്ചുമാറ്റിയ ആനക്കൊമ്പിന്‍റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഈ നിഗമനത്തിലെത്തിയത്. അതിനിടെ ഡി.എഫ്.ഒ, വെറ്ററിനറി വിഭാഗം, കോടനാട് നിന്നുള്ള വനംവകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി. ജഡത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം, രാസ പരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നും അധികൃതര്‍ അറിയിച്ചു.
Also Read :കോടനാട് കിണറ്റിൽ വീണ് പിടിയാന ചെരിഞ്ഞു; വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ