ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന, ഒരാൾക്ക് പരിക്ക്: അട്ടപ്പാടിയിലും ഭീതി മാറുന്നില്ല - Attappadi elephant attack
പാലക്കാട് : അട്ടപ്പാടിയിൽ പാലപ്പടയിൽ ആദിവാസികൾ സഞ്ചിരിച്ചിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ജീപ്പിലുണ്ടായിരുന്ന ഒരാൾക്ക് മുഖത്തും, തലയിലും പരിക്കേറ്റു. മറ്റു അഞ്ച് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആനവായി ഊരിലെ മുരുകനാണ് (50) പരിക്കേറ്റത്.
ആനവായി ഊരിലെ ഡ്രൈവർ ഷിജു (25), ചന്ദ്രൻ (42), സോമൻ (45), സുധീഷ് (25), ചന്ദ്രൻ (51) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മൊബൈലിന് റെയ്ഞ്ചോ, വൈദ്യുതിയോ ഇല്ലാത്ത പാലപ്പടയിൽ നിന്ന് ആനവായി ഊരിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. യാത്രയ്ക്കിടെ തൊട്ടടുത്ത് കാട്ടാനയുടെ ചിന്നം വിളികേട്ടു. അടുത്ത നിമിഷം ജീപ്പ് കുത്തിമറിച്ചിട്ടു. മറിഞ്ഞ ജീപ്പ് വിണ്ടും കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. കൊമ്പ് മുരുകന്‍റെ മുഖത്ത് ഉരസിയാണ് പരിക്കേറ്റത്. മറിഞ്ഞ ജീപ്പിൽ നിന്നും എല്ലാവരും നിലവിളിച്ചതോടെയാണ് കാട്ടാന പിൻമാറിയത്.
മാർച്ച് 31 ന് സമാനരീതിയിൽ ഇതേ റോഡിൽ തന്നെ ചിണ്ടക്കിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ജീപ്പും കുത്തിമറിച്ചിട്ടിരുന്നു. ഈ പ്രദേശം സൈലന്‍റ് വാലി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. മൂന്ന് വർഷത്തോളമായി കാട്ടാനകൾ ഊരുകളിൽ എത്താറുണ്ടെങ്കിലും വാഹനങ്ങൾ ആക്രമിക്കാറില്ലായിരുന്നു. അട്ടപ്പാടി അബ്ബന്നൂരിൽ മുറിവാലൻ കൊമ്പൻ 12 ഓളം വാഹനങ്ങൾ ആക്രമച്ചിരുന്നു. ഈ കൊമ്പനാണ് ഈ പ്രദേശത്ത് എത്തിയിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.