പിടികൂടാനായി വനംവകുപ്പ് വലവിരിച്ച് കാത്തിരിക്കുമ്പോഴും തേയില ചെരുവില്‍ വിലസി അരിക്കൊമ്പന്‍ - മിഷന്‍ അരിക്കൊമ്പന്‍
ഇടുക്കി: മിഷന്‍ അരിക്കൊമ്പന്‍ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ച് അനുകൂല കോടതി വിധിക്കായി കാത്തിരിക്കുമ്പോൾ തേയില ചെരുവകളില്‍ വിലസുകയാണ് അരിക്കൊമ്പന്‍. പെരിയകനാലിലെ വീടുകള്‍ തകര്‍ക്കുക എന്ന തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി തന്‍റെ അടുത്ത ദൗത്യത്തിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് ഈ കാട്ടുകൊമ്പന്‍. മതികെട്ടാൻ ചോലയിലെ കൊമ്പൻമാരിൽ രാജാവാണ് അരിക്കൊമ്പൻ.
നാടിനെ വിറപ്പിയ്ക്കുന്ന ചക്ക കൊമ്പനെയും മൊട്ടവാലനെയും ഒക്കെ പലപ്പോഴും നയിക്കുന്നവന്‍ എന്നാണ് അരിക്കൊമ്പനെ സ്ഥിരമായി നിരീക്ഷിയ്ക്കുന്ന വാച്ചര്‍മാരുടെ അഭിപ്രായം. തന്നെ പിടികൂടാൻ വൻ സന്നാഹം ഒരുങ്ങുമ്പോഴും അതൊന്നും ഗൗനിയ്ക്കാതെ തേയില ചെരുവകളിലെ കാഴ്‌ചകള്‍ക്കൊപ്പം ദേശീയ പാതയില്‍ കുറമ്പുകള്‍ കാട്ടി നടക്കുകയാണ് അവന്‍.
ഏതാനും ദിവസങ്ങളായി പെരിയകനാല്‍ മേഖലയില്‍ തന്നെ തുടരുകയാണ് അരിക്കൊമ്പന്‍. ഇടയ്ക്ക് താഴേയ്ക്ക് ഇറങ്ങുമെങ്കിലും തിരികെ എത്തും. വനം വകുപ്പ് വാച്ചര്‍മാര്‍ സ്ഥിരമായി ഇവനെ നിരീക്ഷിയ്ക്കുന്നുണ്ട്. ദൗത്യ മേഖലയിലേയ്ക്ക് സ്വയം നീങ്ങിയില്ലെങ്കില്‍ തന്ത്രപൂര്‍വം സിമന്‍റ് പാലത്തിലേയ്ക്ക് കൊമ്പനെ വനം വകുപ്പ് എത്തിയ്ക്കും. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കാനും പിന്നാലെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകാനുമുള്ള പദ്ധതികളാണ് വനംവകുപ്പ് ഒരുക്കിയത്.