വാഹനങ്ങള്‍ ചീറിപ്പായുന്ന ഹൈവേയ്‌ക്ക് സമീപം മാനിനെ വേട്ടയാടി ചെന്നായക്കൂട്ടം; രക്ഷിക്കാനെത്തി വഴിയാത്രക്കാര്‍, വീഡിയോ വൈറല്‍ - ബന്ദിപ്പൂർ കടുവ സങ്കേതം
ചാമരാജനഗര്‍ (കര്‍ണാടക): ചീറിപ്പായുന്ന വാഹനങ്ങള്‍ പോലും വകവയ്‌ക്കാതെ മാനിനെ വേട്ടയാടി ചെന്നായകള്‍. ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട്-കേരള ഹൈവേയ്‌ക്ക് അരികിലായാണ് വഴിയരികില്‍ മേയുകയായിരുന്ന സംഭാര്‍ മാനിനെ ചെന്നായകള്‍ കൂട്ടത്തോടെ വേട്ടയാടിയത്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ ഈ ചെന്നായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ബന്ദിപ്പൂർ കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപം കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള റോഡില്‍ വച്ചാണ് ഏഴോളം ചെന്നായകള്‍ സംഭാര്‍ മാനിനെ വിടാതെ ആക്രമിച്ചത്. തിരക്കേറിയ റോഡായതിനാല്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വഴിയാത്രക്കാര്‍ വാഹനം നിര്‍ത്തി മൊബൈലില്‍ വീഡിയോ എടുക്കാറുമുണ്ട്. ഇത്തരത്തില്‍ രംഗരാജു എന്നയാള്‍ ചെന്നായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെ ചെന്നായക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിസഹായ അവസ്ഥയില്‍ കാണപ്പെട്ട മാനിനെ രക്ഷപ്പെടുത്തുന്നതിനായി യാത്രക്കാരില്‍ ചിലര്‍ വാഹനങ്ങള്‍ നിര്‍ത്തി ശബ്‌ദമുണ്ടാക്കി ചെന്നായകളെ തുരത്താനും ശ്രമിച്ചു. ഇതോടെ മാന്‍പേട കഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നു.
അടുത്തിടെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ദേശീയോദ്യാനത്തില്‍ ജംഗിള്‍ സഫാരിക്കെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ജംഗിള്‍ സഫാരി വാഹനത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് കടുവ കലിതുള്ളിയെത്തിയത്. ഇതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കടുവ ഓടി അടുക്കുമ്പോള്‍ ആ സമയം വാഹനത്തിലെ യാത്രക്കാര്‍ അലറിവിളിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍ അപകടം മനസിലാക്കി ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുകയും തുടര്‍ന്ന് കടുവ മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഡ്രൈവര്‍ വാഹനം പിന്നെയും മുന്നോട്ടെടുത്ത് പോവുന്നതും പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു.