Video | കുട്ടിയാനയെ നാട്ടിലുപേക്ഷിച്ച് അമ്മയാന കാടുകയറി; കാട്ടിലേക്ക് അയയ്‌ക്കാനുള്ള ശ്രമത്തില്‍ വനം വകുപ്പ് - വനം വകുപ്പ്
പാലക്കാട്:അട്ടപ്പാടി പാലൂരിൽ ജനവാസ മേഖലയിൽ കുട്ടിയാനയെ ഉപേക്ഷിച്ച് അമ്മയാന കാടുകയറി. ഒരു ദിവസം മുഴവൻ പരിശ്രമിച്ചിട്ടും കുട്ടിയാനയെ കാടുകയറ്റാൻ സാധിക്കാതെ വനം വകുപ്പ്. പാലൂരിൽ ഒരു വയസുള്ള കുട്ടിയാനയെ വ്യാഴാഴ്‌ച രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്.
അവശനിലയിൽ സ്വകാര്യത്തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. വിവരം പ്രദേശവാസിയായ സി ജെ ആനന്ദ്കുമാർ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. പുതൂർ സ്റ്റേഷനിൽ നിന്നെത്തിയ വനം വകുപ്പ് ജീവനക്കാരും ദ്രുതപ്രതികരണ സംഘവും കുട്ടിയാനയ്‌ക്ക് വെള്ളവും പുല്ലും പഴവും നൽകി.
ഭക്ഷണം കഴിച്ചതോടെ ക്ഷീണം മാറിയ കുട്ടിയാന ഉച്ചയോടെ തൊട്ടരികിലുള്ള കൃഷ്‌ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർന്നിരുന്നു. വൈകിട്ട് ആറ് മണിയോടെ വീണ്ടും കുട്ടിയാന പാലൂരിലുള്ള അയ്യപ്പന്‍റെ വീട്ടിലെത്തി. വീണ്ടും ആനയെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ വെറ്ററിനറി ഡോക്‌ടറുടെ നിർദേശപ്രകാരം ഇന്നും അമ്മയാനയ്‌ക്കായി കാത്തിരിക്കും. കുട്ടിയാനയെ അയ്യപ്പന്‍റെ വീട്ടിൽ നിന്ന് മാറ്റി വനത്തിന് സമീപം എത്തിച്ചിരിക്കുകയാണ്. അമ്മയാനയെത്തി കുട്ടിയാനയെ കൂടെക്കൂട്ടിയില്ലെങ്കിൽ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കുട്ടിയാനയെ സംരക്ഷിക്കുന്നതിനുള്ള നടപടിയാകും സ്വീകരിക്കുക.